‘ശരിക്കൊപ്പം എന്നും നിലകൊണ്ട വലിയ മനുഷ്യന്‍’; ഹൈദരലി തങ്ങള്‍ ഗുരുസ്ഥാനീയനെന്ന് പ്രതിപക്ഷ നേതാവ്

0
43

സ്‌നേഹ, സാഹോദര്യങ്ങള്‍ നിറഞ്ഞു തുളുമ്പിയ വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള പൊതു ജീവിതത്തിലെ സൗമ്യ സാന്നിധ്യമാണ് മറഞ്ഞു പോകുന്നത്. രാഷ്ട്രീയ, സാമൂഹിക ,ആത്മീയ രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.

യുഡിഎഫ് രാഷ്ട്രീയത്തെ മുന്നില്‍ നിന്നു നയിച്ച വ്യക്തിയായിരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ എന്നും മത സാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി പ്രവര്‍ത്തിച്ചു. ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന ഈ വലിയ മനുഷ്യന്‍ കടന്നു പോകുന്നത് തീരാനഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.