മൂന്ന് ടണ്‍ ഭാരമുള്ള റോക്കറ്റിന്റെ അവശിഷ്ടം ചന്ദ്രനില്‍ ഇടിച്ചിറങ്ങി; ഇരുപത് മീറ്റര്‍ വലിപ്പത്തില്‍ ഗര്‍ത്തം രൂപപ്പെട്ടുവെന്ന് ശാസ്ത്രജ്ഞര്‍

0
41

ഏഴുവര്‍ഷത്തോളമായി ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട മൂന്ന് ടണ്‍ ഭാരം വരുന്ന റോക്കറ്റിന്റെ ഭാഗം ചന്ദ്രനെ മണിക്കൂറില്‍ 9288 കിലോമീറ്റര്‍ വേഗതയില്‍ ഇടിച്ചതായി ശാസ്ത്രജ്ഞര്‍.

എലോണ്‍ മസ്കിന്റെ സ്പെയിസ് എക്സ് കമ്പനിമായി ബന്ധമുള്ള വസ്തുക്കൾ ആകാമെന്നാണ് കരുതിയതെങ്കിലും ഇത് ചൈനയുടേതാകാമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍. റോക്കറ്റ് ഇടിച്ചതിനെ തുടര്‍ന്നുള്ള ആഘാതം കാരണം ചന്ദ്രനില്‍ 66 അടിയോളം നീളമുള്ള ഗര്‍ത്തം രൂപപ്പെട്ടേക്കാമെന്നും ഇത് നൂറോളം മൈല്‍ അകലത്തില്‍ പൊടിപടലങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. ബഹിരാകാശ മാലിന്യം ഇതാദ്യമായാണ് ചന്ദ്രനില്‍ പ്രഹരമേല്‍പ്പിക്കുന്നതെന്നെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി. പ്രഹരം ചന്ദ്രന്റെ വിദൂരഭാഗത്ത് ഏറ്റതിനാല്‍ ഗര്‍ത്തം കണ്ടെത്തുന്നതിനും ആഘാതം സ്ഥിരീകരിക്കുന്നതിനും മാസങ്ങള്‍ വേണ്ടിവരും.

2014ല്‍ ചന്ദ്രനിലേക്കുള്ള ചൈനയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ അവശിഷ്ടമാകാം ഇതെന്നാണ് നിഗമനം. എന്നാല്‍ തങ്ങളുടെ റോക്കറ്റിന്റെഭാഗം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തിയമന്നുവെന്നാണ് ചൈന അവകാശപ്പെടുന്നത്. 2015ല്‍ നാസയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അരിസോണയിലെ സ്പെയിസ് സര്‍വെയായ കാറ്റലിനയാണ് ആദ്യമായി റോക്കറ്റിന്റെ ഭാഗം കണ്ടെത്തുന്നത്.

ഭൂമിയിലേക്ക് മടങ്ങാന്‍ ആവശ്യമായ ഇന്ധനമോ ഊര്‍ജമോ ഇല്ലാതെ വരുമ്ബോള്‍ ഉപഗ്രഹങ്ങളില്‍ നിന്നും മറ്റും ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളാണ് സ്പേസ് ജങ്കുകള്‍ അഥവാ ബഹിരാകാശ മാലിന്യങ്ങള്‍. ഇവയില്‍ ചിലത് ഭൂമിക്ക് തൊട്ടുമുകളിലായി കാണപ്പെടുകയും മറ്റ് ചിലത് ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് വളരെ അകലെയുള്ള ഉയര്‍ന്ന ഭ്രമണപഥത്തില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുമായാണ് കാണപ്പെടുന്നത്. പത്ത് സെന്റിമീറ്ററില്‍ കൂടുതല്‍ വലിപ്പമമുള്ള 36,500 ബഹിരാകാശ മാലിന്യങ്ങള്‍ ഉള്ളതായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കുന്നു.