തീരസംരക്ഷണത്തിന് ജൈവകടൽഭിത്തിയുമായി പൂവാർ ഗ്രാമപഞ്ചായത്ത്; 8 ന്

0
30

സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടുകൂടി പൂവാർ ഗ്രാമപഞ്ചായത്ത്, തീരസംരക്ഷണത്തിനായി ജൈവകടൽഭിത്തി നിർമിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം നേരിടുന്നതിന്, കൈതച്ചെടി ഉപയോഗിച്ചാണ് കടൽഭിത്തി നിർമിക്കുന്നത്.

തീരത്തെ മണ്ണൊലിപ്പ് തടയാനും ഉപ്പ് കാറ്റിനെ ചെറുത്തുനിൽക്കാനും സാധിക്കുമെന്നതിനാലാണ് കടൽഭിത്തി നിർമാണത്തിന് കൈതച്ചെടി തെരഞ്ഞെടുത്തിരിക്കുന്നത്. കോൺക്രീറ്റ് അല്ലെങ്കിൽ ഗ്രാനൈറ്റ് കടൽഭിത്തി സംവിധാനത്തിനുപകരം പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ബയോഫെൻസിംഗ് മാതൃക സൃഷ്ടിച്ച്, നഷ്ടപ്പെടുന്ന ബീച്ചുകളെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പൂവാർ ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിയും ജൈവവൈവിധ്യബോർഡും സംയുക്തമായാണ് പദ്ധതി നിർവഹിക്കുന്നത്.

ജൈവകടൽഭിത്തിയുടെ നിർമാണോദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് എം വിൻസെന്റ് എംഎൽഎ നിർവഹിക്കും. പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപത്തെ തീരത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ജൈവകടൽഭിത്തി നിർമിക്കുന്നത്.