വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

0
24

വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. കണ്ണൂര്‍ കൊട്ടിയൂര്‍ ചുങ്കക്കുന്ന് സ്വദേശി രതീഷിന്റെ ഭാര്യ രമ്യ (28) ആണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശനിയാഴ്ച രാവിലെ ആറേമുക്കാലോടെയാണ് സംഭവം. വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് രമ്യയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രസവിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ വിവരം കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതരെ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെയ്സണ്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ തന്നെ ആംബുലന്‍സ് പൈലറ്റ് പി സിറാജ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അമ്പിളി മാത്യു എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു.

കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് ശൈലജ, ആശ പ്രവര്‍ത്തക സൗമ്യ എന്നിവരും ഇവരെ ആംബുലന്‍സില്‍ അനുഗമിച്ചു.
വാഹനം എത്തിപ്പെടാത്ത വഴി ആയതിനാല്‍ ആംബുലന്‍സ് റോഡ് വശത്ത് പാര്‍ക്ക് ചെയ്ത ശേഷം 500 മീറ്ററോളം സ്ട്രെച്ചറുമായി നടന്നാണ് ആംബുലന്‍സ് സംഘം രമ്യയുടെ അടുത്തെത്തിയത്. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അമ്പിളി ഉടന്‍ തന്നെ പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കി.

സമീപവാസികളുടെ സഹായത്തോടെ രമ്യയെയും കുഞ്ഞിനേയും ആംബുലന്‍സിലേക്ക് മാറ്റി. ഇരുവരെയും പൈലറ്റ് സിറാജ് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. പ്രസവത്തിനായി ശനിയാഴ്ച ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ ഇരിക്കുന്നതിനിടെയാണ് രമ്യ വീട്ടില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.