രക്ഷപ്പെട്ടതെങ്ങനെയെന്നറിയില്ല ഉക്രൈന്‍ സൈന്യം പെരുമാറിയത് നായ്ക്കളോടെന്ന പോലെ

0
31

നായ്ക്കളോടെന്ന പോലെയാണ് ഉക്രൈന്‍ സൈന്യം തങ്ങളോട് പെരുമാറിയതെന്ന് കേരളത്തില്‍ തിരിച്ചെത്തിയ മലയാളി വിദ്യാര്‍ത്ഥിനി. മാനസികമായും ശാരീരികമായും തകര്‍ന്നുപോയ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയതെന്നും നരകം പോലെയായിരുന്നു ആ ദിവസങ്ങളെന്നും അശ്വതി ഷാജി എന്ന വിദ്യാര്‍ത്ഥിനി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കീവ് നാഷനല്‍ യൂണിവേഴ്സിറ്റിയിലെ ഏയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ അശ്വതി ഇന്നലെയാണ് തിരിച്ചെത്തിയത്. സ്വന്തം പൗരന്മാരെ കയറ്റിവിടുന്നതില്‍ മാത്രമായിരുന്നു ഉക്രൈന്‍ പട്ടാളത്തിന് താത്പര്യമെന്നും പത്തു ഉക്രൈനികളെ വിടുമ്പോള്‍ ഒരു വിദേശിയെ കടക്കാന്‍ അനുവദിക്കുന്ന രീതിയായിരുന്നു അവരുടേതെന്നും ലക്ഷങ്ങളാണ് അതിര്‍ത്തി കടക്കാനായി അവിടെ കാത്തുനില്‍ക്കുന്നതെന്നും അശ്വതി പറഞ്ഞു.

കഴിഞ്ഞ ഇരുപത്തിയേഴിന് കുറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരു ബസ്സില്‍ അതിര്‍ത്തി പട്ടണം വരെ എത്തി. അവിടെ ചെക് പോസ്റ്റ് ഉണ്ട്. തുടര്‍ന്നുള്ള 47 കിലോമീറ്റര്‍ നടന്നാണ് പോയത്. അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ പിന്നെയും നീണ്ട ക്യൂവായിരുന്നു.

കൊടും തണുപ്പില്‍ 24 മണിക്കൂറാണ് അവിടെ കഴിച്ചുകൂട്ടിയത്. സഹിക്കാന്‍ കഴിയാതെയായപ്പോള്‍ എങ്ങനെയെങ്കിലും കടത്തിവിടാന്‍ ഉക്രൈനി പട്ടാളക്കാരോട് അപേക്ഷിച്ചു. ക്രൂരമായിട്ടായിരുന്നു പ്രതികരണം. അവര്‍ ഞങ്ങളെ എ.കെ 47 തോക്കുകൊണ്ട് അടിച്ചു. അടങ്ങിയിരുന്നില്ലെങ്കില്‍ വെടിവയ്ക്കുമെന്നു പറഞ്ഞു. ഒടുവില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടതിനു ശേഷമാണ് അവര്‍ ഗെയ്റ്റ് തുറന്നത്.

ഗെയ്റ്റ് കടന്ന് മറുവശത്ത് എത്തിയപ്പോള്‍ രക്ഷപ്പെട്ടെന്നാണ് കരുതിയത്. പാസ്പോര്‍ട്ട് സ്റ്റാംപ് ചെയ്ത് അവിടെ കണ്ട ഒരു ബസില്‍ കയറിയപ്പോള്‍ അവര്‍ ഞങ്ങളെ വലിച്ചിഴച്ചു താഴെയിട്ടു. വേണമെങ്കില്‍ നടന്നുപോവാന്‍ പറഞ്ഞു. നായ്ക്കളോടെന്ന പോലെയാണ് അവര്‍ ഞങ്ങളോടു പെരുമാറിയത്’ അശ്വതി പറയുന്നു.

‘നമ്മുടെ അസ്ഥികള്‍ മരവിപ്പിക്കുന്ന തണുപ്പാണ് അവിടെ. എവിടെ നോക്കിയാലും വെടിയൊച്ചകളും ഷെല്‍ ആക്രമണങ്ങളും മാത്രമേ കാണാനുള്ളൂ. കഴിക്കാന്‍ ഭക്ഷണമൊന്നും ലഭിക്കില്ല. ഇതിനെല്ലാം പുറമേ ഉക്രൈന്‍ പട്ടാളക്കാരുടെ വംശീയ ആക്രമണവും,’ അശ്വതി പറഞ്ഞു.