Breaking പെഷവാറിൽ പള്ളിയിൽ ജുമാ നമസ്ക്കാരത്തിനിടെ വൻസ്‌ഫോടനം; 56 പേർ കൊല്ലപ്പെട്ടു

0
37

വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ പെഷവാറിലെ ഷിയാ പള്ളിയിൽ ജുമാ നമസ്ക്കാരത്തിനിടെ വൻസ്‌ഫോടനം. 56 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് നമസ്കാരസമയത്താണ് സ്‌ഫോടനമുണ്ടായത്. 194 പേർക്ക് പരിക്കേറ്റുവെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ 50 പേരുടെ നില  അതീവ ഗുരുതരമാണ്. പരിക്കേറ്റവരുടെ എണ്ണം കൃത്യമായി ലഭ്യമായിട്ടില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കൊച്ച റിസൽദാറിലെ കിസാ ഖവാനി ബസാർ ഏരിയയിലെ ജാമിയ പള്ളിയിലാണ് വെള്ളിയാഴ്ച നമസ്കാരം നടന്നുകൊണ്ടിരിക്കെ സ്‌ഫോടനമുണ്ടായത്. പ്രാർത്ഥന അവസാനിക്കാറായ സമയത്താണ് വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടാകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

പരിക്കേറ്റവരെയും കൊണ്ട് പെഷവാർ ലേഡി റീഡിങ് ആശുപത്രിയിൽ എത്തിച്ചവരാണ് മരണത്തിന് കീഴടങ്ങിയത്. ഭീകരാക്രമണനോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി. മേഖലയാകെ അതീവ ജാഗ്രതേ നിർദ്ദേശം നൽകിയിട്ടുണ്ട്.

ജുമാ നമസ്ക്കാരം നടന്നുകൊണ്ടിരിക്കെ സായുധരായ എത്തിയ രണ്ടുപേർ പള്ളിക്കുള്ളിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ സുരക്ഷാ ചുമതലയിലുള്ള പൊലീസുകാർക്ക് നേരെ വെടിയുതിർത്തു. ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. തുടർന്നായിരുന്നു സ്ഫോടനമുണ്ടായതെന്ന് പെഷവാർ സിറ്റി പൊലീസ് ഓഫീസർ ഇജാസ് അഹ്‌സൻ പറഞ്ഞു.