വിട…. ഷെയ്ൻ വോൺ

0
73

സ്വന്തം ലേഖകൻ

വിട പ്രിയ വോൺ… ക്രിക്കറ്റിന്റെ മാസ്മരികത ഞങ്ങൾക്ക് സമ്മാനിച്ച, എറിയുന്ന പന്തിന്റെ കറക്കങ്ങൾക്കൊപ്പം ക്രിക്കറ്റ് ആരാധകരെ ചലിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ഷെയ്ൻ വോൺ. ഏതൊരു ലോകോത്തര ബാറ്റ്‌സ്മാനെയും വട്ടം കറക്കിയ സ്പിൻ മാന്ത്രികത. ഗ്രൗണ്ടിൽ ടീമിനുവേണ്ടി ഏതറ്റം വരെയും പോകുന്ന, എതിരാളികളെ വാക്കുകൾ കൊണ്ടും നോട്ടം കൊണ്ടും പിന്നെ പന്ത് കൊണ്ടും വട്ടം കറക്കിയ താരം. വോൺ എറിയുന്ന പന്ത് ഏത് രീതിയിലാണ് ബാറ്റസ്മാനടുത്തേക്ക് വരികയെന്ന് പറയുക പ്രവചനാതീതം. തൊട്ടുമുന്നിൽ വെച്ച് കുത്തിത്തിരിയുന്ന പന്ത് കണ്ടു അന്തം വിട്ടവരിൽ ലോകത്തെ എല്ലാ പ്രമുഖ താരങ്ങളുമുണ്ട്.

കാതിലെ കടുക്കനും പാറിപ്പറക്കുന്ന തലമുടിയുമെല്ലാം ക്രിക്കറ്റ് പ്രേമികളിൽ മാത്രമല്ല, യുവതാരങ്ങളിലും ആരാധന വളർത്തി. സ്പിൻ ബൗളിങ്ങിന് മാന്ത്രിക സ്പർശം നൽകിയ വോൺ ഫീൽഡിങ്ങിലും അസാമാന്യ പാടവം കാഴ്ച വെച്ചു. 1999 ൽ ആസ്‌ട്രേലിയ ലോകകപ്പ് കിരീടം കൂടിയപ്പോൾ അതിൽ മുഖ്യപങ്ക് വഹിച്ചത് ഷെയിൻ വോണിന്റെ അസാധ്യമായ ബൗളിംഗ് കൂടിയായിരുന്നു. കളിക്കളത്തിനു പുറത്ത് കമന്റേറ്റർ എന്ന നിലയിലും ക്രിക്കറ്റ് കോച്ച് എന്ന നിലയിലും തിളങ്ങി. ഗ്രൗണ്ടിന് പുറത്ത് സച്ചിൻ തെണ്ടുൽക്കർ, ബ്രയാൻ ലാറ, വീരേന്ദർ സെവാഗ്, മുത്തയ്യ മുരളീധരൻ, സനത്ത് ജയസൂര്യ എന്നിവരുമായി വളരെ ഉറ്റ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

1992ല്‍ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആകെ 708 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റിലും, എകദിനത്തിലുമായി 1000-ല്‍ അധികം വിക്കറ്റുകള്‍ നേടിയ താരം കൂടിയാണ് അദ്ദേഹം. 2007 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ഓസ്ട്രേലിയയുടെ 5-0 ആഷസ് പരമ്പര വിജയത്തിന് പിന്നാലെയാണ് വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കായി 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകളും 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും വോണ്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.

ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്‌ത്തി. 2008 ലെ ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്‌ന്‍ വോണ്‍. പിന്നീട് ടീമിന്‍റെ ഉപദേശക സ്ഥാനവും വഹിച്ചു ഷെയിൻ വോൺ.
വിശ്വസിക്കാനാകുന്നില്ല എന്നാണ് വിരേന്ദർ സെവാഗ് വോണിന്റെ മരണത്തിൽ ട്വീറ്റ് ചെയ്തത്. ഞെട്ടിക്കുന്ന മരണം എന്നായിരുന്നു കൃഷ്ണമാചാരി ശ്രീകാന്തിന്റെ പ്രതികരണം. ഹൃദയം തകർന്ന വാർത്ത എന്നായിരുന്നു പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊയെബ്‌ അക്തർ പ്രതികരിച്ചത്.

 

വിക്കറ്റ് കീപ്പിങ്ങിലെ ഇതിഹാസമായിരുന്ന റോഡ്നി വില്യം മാർഷിന്റെ മരണത്തിൽ വേദന പങ്കുവച്ച് കുറിച്ച വാക്കുകളാണ് ഷെയ്ൻ വോണിന്റെ അവസാന ട്വീറ്റ്

.അപ്രതീക്ഷിതമായി ഷെയിൻ വോൺ വിട പറയുമ്പോൾ ആ മാന്ത്രികന്റെ വിരലുകളില്‍ വിരിഞ്ഞ സ്പിൻ വിസ്മയം ബാക്കിയാണ്; വരും കാലത്തെ ത്രസിപ്പിക്കാൻ.