മോദി വിരുദ്ധ മുദ്രാവാക്യം; സോഫിയയെ അറസ്റ്റ് ചെയ്ത പൊലീസുകാരിൽ നിന്നും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്

0
48

വിമാനയാത്രക്കിടെ ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട തമിഴ്‌നാട് സ്വദേശി ലോയിസ് സോഫിയയുടെ പിതാവിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. അറസ്റ്റിനെതിരെ സോഫിയയുടെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ നടപടി.

നഷ്ടപരിഹാരത്തുകയായ രണ്ട് ലക്ഷം രൂപ സോഫിയയെ അറസ്റ്റു ചെയ്ത ഏഴ് പൊലീസുകാരിൽ നിന്നും ഈടാക്കണമെന്നാണ് കമ്മീഷൻ ഉത്തരവ്. മൂന്നു മാസത്തിനകം തുക നൽകണമെന്നും ഉത്തരവിൽ പറയുന്നു.

2018ലാണ് സംഭവം. ചെന്നൈയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് പോകുകയായിരുന്ന സോഫിയ സഞ്ചരിച്ച വിമാനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷയായിരുന്ന തമിഴിസൈ സൗന്ദരരാജൻ യാത്ര ചെയ്യാനെത്തി. ബിജെപി നേതാവിനെ കണ്ടയുടൻ സോഫിയ എഴുന്നേറ്റ് നിന്ന് കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇത് ബിജെപി നേതാവുമായി വാക്കുതർക്കത്തിന് ഇടയാക്കുകയും പാർട്ടി ഭാരവാഹികളുടെ പരാതിയിൽ സോഫിയയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അറസ്റ്റും തുടർന്നുള്ള ജുഡീഷ്യൽ കസ്റ്റഡിയും ചോദ്യം ചെയ്തുകൊണ്ടാണ് സോഫിയയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളുടെ ലംഘനമാണ് മകളുടെ അറസ്റ്റെന്നും അദ്ദേഹം വാദിച്ചു. എന്നാൽ അതീവ സുരക്ഷാ മേഖലയിൽ സുരക്ഷാ മാനദണ്ഡം ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്നും നിയമപരമായിട്ടാണ് കസ്റ്റഡിയും അറസ്റ്റുമെന്നുമായിരുന്നു പൊലീസിന്റെ വാദം.