ദമ്പതികളെ കൊന്ന കേസിൽ ബംഗ്ലാദേശികളുടെ വിധി മാര്‍ച്ച്‌ രണ്ടിന്

0
36

മാവേലിക്കരയിൽ ദമ്പതികളെ ബംഗ്ലാദേശികൾ കൊലപ്പെടുത്തിയ കേസിന്റെ വിധി മാര്‍ച്ച്‌ രണ്ടിന്. കേസിന്റെ വിസ്താരം മാവേലിക്കര അഡീഷനല്‍ ജില്ലാ കോടതിയിൽ പൂര്‍ത്തിയായി. ചെങ്ങന്നൂര്‍ കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (കുഞ്ഞുമോന്‍-76), ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ (ലില്ലി- 68) എന്നിവരാണ് കൊല്ലപ്പെട്ടത്.

ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹസന്‍ (39), ജുവല്‍ ഹസന്‍ (24) എന്നിവരാണ് പ്രതികള്‍. 2019 നവംബര്‍ 11 നായിരുന്നു സംഭവം. കൊലപാതകത്തിനു ശേഷം 45 പവന്‍ സ്വര്‍ണാഭരണവും 17338 രൂപയും കവർന്നശേഷം മുങ്ങിയ ഇരുവരെയും നവംബര്‍ 13ന് വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തു.

ജോലിക്കെത്തിയ പ്രതികള്‍ വീട്ടില്‍ സ്വര്‍ണം ഉണ്ടെന്നു മനസിലാക്കിയാണു കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതിഭാഗത്തു നിന്നു രണ്ടുപേരുള്‍പ്പടെ 62 സാക്ഷികളെ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസില്‍ ഹാജരാക്കി. കേസില്‍ വിശാഖപട്ടണം ആര്‍പിഎഫ് പൊലീസിലെ അഞ്ചു പേരും ആന്ധ്രാദേശ്, ബംഗാള്‍, അസ്സാം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു.