രക്ഷാദൗത്യം: മന്ത്രിമാര്‍ യുക്രെയിന്‍ അതിര്‍ത്തിയിലേക്ക്

0
88

റഷ്യ- യുക്രെയിന്‍ യുദ്ധം വഷളാകുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം വ്യാപിപ്പിച്ച് രാജ്യം. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്നുള്ള മന്ത്രിമാര്‍ യുക്രെയിന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് പോകും.

കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, റിട്ട. ജനറല്‍ വികെ സിംഗ് എന്നിവരാണ് അതിര്‍ത്തിയിലേക്ക് പോകുന്നത്. അയല്‍രാജ്യങ്ങളിലേക്ക് പലായനം ദൗത്യം ഏകോപിപ്പിക്കാനും വിദ്യാര്‍ത്ഥികളെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.

രക്ഷാദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ചേർന്ന ഉന്നതതലയോഗത്തിലും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിമാരെ യുക്രെയ്‌ന്റെ അയൽരാജ്യങ്ങളിലേക്ക് വിടാൻ തീരുമാനിച്ചിരിക്കുന്നത്. റുമേനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലെ അതിർത്തി മേഖലകളിലേക്കാണ് മുതിർന്ന കേന്ദ്രമന്ത്രിമാർ പോകുന്നത്.

അതേസമയം ഇന്ന് ഉച്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി വീണ്ടും ഉന്നതതലയോഗം വിളിച്ചുചേർത്തതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. ഈ യോഗത്തിലായിരിക്കും ഇതിന്റെ അവസാന വട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുക. ചിലയിടങ്ങളിൽ യുക്രെയ്ൻ സൈന്യം തന്നെ ഇന്ത്യൻ പൗരന്മാരെ തടയുന്നുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇത്തരം സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് മന്ത്രിമാർക്ക് കേന്ദ്രസർക്കാർ ഏകോപന ചുമതല നൽകിയിരിക്കുന്നത്.