ഉക്രയ്‌നില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മലയാളികളെ സ്വീകരിക്കാന്‍ കേരളം വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന മാതൃഭൂമിയുടെ തെറ്റായ വാര്‍ത്തയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. ഉക്രയ്‌നില്‍ നിന്നെത്തിയ മലയാളികളെ സ്വീകരിക്കാന്‍ കേരളം രണ്ട് കാറുകള്‍ മാത്രം അയച്ചപ്പോള്‍ ഉത്തര്‍പ്രദേശ് ആഡംബര ബസ് ഏര്‍പ്പാടാക്കിയെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്‌തത്.
ഉക്രയ്‌നില്‍ നിന്നെത്തിയ മലയാളികളെ സൗജന്യമായി കേരളത്തിലെത്തിക്കുയും ആവശ്യമായവര്‍ക്ക് കേരള ഹൗസില്‍ വിശ്രമം ഏര്‍പ്പാട് ചെയ്യുകയും ചെയ്‌ത സര്‍ക്കാറിന്റെ ഇടപെടലുകളെ ഇകഴ്‌ത്തി കാട്ടിയാണ് മാതൃഭൂമി ഉത്തര്‍പ്രദേശിനെയും മറ്റ് സംസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്‌ത്തുന്നത്.
ഉക്രയ്‌നില്‍ നിന്നെത്തിയ 30 മലയാളികളില്‍ 16 പേര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയില്ല എന്നതാണ് സത്യം. ഇവരെ കേരള സര്‍ക്കാര്‍ ടിക്കറ്റെടുത്ത് രാവിലെ 8.30ന്റെ വിമാത്തില്‍ കൊച്ചിയ്‌ക്ക് അയക്കുകയും ചെയ്‌തു. ബാക്കി 14 പേരില്‍ ഒരാള്‍ ഡല്‍ഹി മലയാളിയാണ്. മറ്റുള്ളവരെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ കാറില്‍ കേരള ഹൗസില്‍ കൊണ്ടുപോവുകയും പിറ്റേന്ന് വിമാനം കയറ്റിവിടുകയും ആയിരുന്നു.
എന്നാല്‍ ഡല്‍ഹിയിലെത്തിയ വിദ്യാര്‍ത്ഥികളെ കാറില്‍ കുത്തിനിറച്ച് കൊണ്ടുപോവുകയായിരുന്നെന്നും കേരള ഹൗസില്‍ എത്തിയ ശേഷം മാത്രമാണ് ഇവര്‍ക്ക് ഭക്ഷണം ലഭിച്ചതെന്നുമെല്ലാമാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്‌തത്. ഡല്‍ഹിയില്‍ നിന്ന് മലയാളികളെ സൗജന്യമായി വിമാനത്തില്‍ എത്തിക്കുമ്പോഴാണ് ആഡംബര ബസ് അയച്ചില്ലെന്ന തരത്തില്‍ മാതൃഭൂമി വാര്‍ത്ത ചെയ്‌തത്.