മാതൃഭൂമി വാർത്ത വസ്തുതാ വിരുദ്ധം: റസിഡന്റ് കമ്മീഷണർ

0
59

യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥികളെ സ്വീകരിക്കാൻ കേരള ഹൗസ് ഒരുക്കിയത് രണ്ട് കാറുകൾ മാത്രമാണെന്ന മാതൃഭൂമിവാർത്ത വസ്തുതാവിരുദ്ധമാണെന്ന് ഡൽഹി റസിഡന്റ് കമ്മീഷണർ അറിയിച്ചു.

വകുപ്പു സെക്രട്ടറിമാർക്കു നൽകുന്ന നാല് ഷിയാസ് കാറുകളും രണ്ട് എർട്ടിഗ കാറുകളും രണ്ട് ഇന്നോവാ കാറുകളുമടക്കം എട്ട് കാറുകളാണ് ആദ്യ ഫ്‌ളൈററിലെത്തിയ കുട്ടികൾക്കായി ക്രമീകരിച്ചിരുന്നത്. ഏഴു പേർ സഞ്ചരിക്കുന്ന കാറുകളിൽ അഞ്ചു പേർ മാത്രമാണ് സഞ്ചരിച്ചത്. മറ്റ് കാറുകളിൽ നാലു പേരും. അവസാനത്തെ കാറിൽ സഞ്ചരിക്കാൻ വിദ്യാർത്ഥികൾ ആരും തന്നെ ഉണ്ടായിരുന്നില്ല.

എയർപോർട്ട് പാസുള്ള കേരള ഹൗസ് കൺട്രോളർ അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥർ വെളുപ്പിന് ഒന്നര മുതൽ എയർപോർട്ടിനകത്ത് കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ഉണ്ടായിരുന്നു. താത്കാലിക പാസുമായി മറ്റ് ഉദ്യോഗസ്ഥർ രണ്ട് മണി മുതലും എയർപോട്ടിൽ ഉണ്ടായിരുന്നു.

പല സംസ്ഥാനങ്ങളും അഞ്ചാം നമ്പർ ഗേറ്റിലൂടെ വിദ്യാർത്ഥികളെ സ്വീകരിച്ചപ്പോൾ തിരക്ക് ഒഴിവാക്കി മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വീകരിക്കുന്ന വിഐപി പാർക്കിംഗ് ഏരിയയിലൂടെ വിദ്യാർത്ഥികളെ പുറത്തുകൊണ്ടു വരുകയാണ് കേരള ഹൗസ് ചെയ്തത്.

മുമ്പും ഇവാക്വേഷൻ പ്രക്രിയയിൽ പങ്കെടുത്തിട്ടുള്ള പരിചയ സമ്പന്നരായ ഷോഫർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും വിഐപി പാർക്കിംഗ് ഉപയോഗപ്പെടുത്തുന്നതിനുമാണ് വിഐപികൾക്കു നൽകുന്ന കാറുകൾ ഉപയോഗിക്കുന്നത്.

ഡൽഹിയിലെത്തിയ ആദ്യവിമാനത്തിൽ 17 മലയാളി വിദ്യാർത്ഥികളുടെ പട്ടികയാണ് വിദേശ മന്ത്രാലയം നൽകിയിരുന്നത്. ലഭിച്ച നമ്പരുകൾ ഉപയോഗിച്ച് വാട്ടസ്പ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതിനാൽ മറ്റ് സംസ്ഥാനങ്ങളുടെ പട്ടികയിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കി 25 വിദ്യാർത്ഥികൾക്കുള്ള ക്രമീകരണം കേരള ഹൗസിൽ ചെയ്തിരുന്നു.

ഡൽഹിയിലെ മലയാളിയടക്കം 31 വിദ്യാർത്ഥികൾ ആദ്യഫ്‌ളൈറ്റിൽ എത്തിയിരുന്നു. കഴിയുന്നിടത്തോളം വിദ്യാർത്ഥികളെ എയർപോട്ടിൽ നിന്നു തന്നെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണം കൃത്യമായി പ്ലാൻ ചെയ്തിരുന്നു. 16 വിദ്യാർത്ഥികളെ എയർപോർട്ടിൽ നിന്നു തന്നെ നാട്ടിലെത്തിച്ചു.

ഇവരുടെ ഫ്‌ളൈറ്റ് രാവിലെ 8.20 നും 8.45നും ആയിരുന്നു. മറ്റ് 14 വിദ്യാർത്ഥികളെ കേരള ഹൗസിൽ എത്തിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്ക് ടിക്കറ്റുകൾ ക്രമീകരിച്ചു നൽകിയ ഒഡെപെക്കിന്റെ പ്രതിനിധി വരെ എയർപോർട്ടിൽ ഉണ്ടായിരുന്നു. കേരള ഹൗസിൽ ഡോമട്രി സംവിധാനവും അഡിഷണൽ ബ്ലോക്കുമാണ് ആദ്യം ക്രമീകരിച്ചത്.

എന്നാൽ കൂടുതൽ ശ്രദ്ധയും കെയറും നൽകുന്നതിന് മെയിൻ ബ്ലോക്കിലെ വിഐപി റൂമുകളാണ് കുട്ടികൾക്ക് നൽകിയത്. അവധി ദിവസമായിരുന്നിട്ടും റസിഡന്റ് കമ്മീഷണറും ഒഎസ്ഡിയും നേരിട്ടെത്തി വിദ്യാർത്ഥികളെ കാണുകയും സംസാരിക്കുകയും വിദ്യാർത്ഥികൾ സന്തോഷം അറിയിക്കുകയും ചെയ്തു. കേരള ഹൗസിൽ എത്തിയ എല്ലാ കുട്ടികളും സന്തോഷത്തോടെയാണ് മടങ്ങിയത്.

തലേദിവസം (26/02) രാവിലെ മുതൽ തുടർച്ചയായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പിറ്റേ ദിവസം (27/02) ഞായറാഴ്ച മൂന്നാമത്തെ ഫ്‌ളൈറ്റും എത്തിയതിനു ശേഷമാണ് ഡ്യൂട്ടി അവസാനിപ്പിച്ചത്.

ഓരോ സംസ്ഥാനവും അവരുടെ കുട്ടികളെ നാട്ടിലെത്തിക്കാൻ വിവിധ സ്വഭാവത്തിലുള്ള ക്രമീകരണങ്ങളാണ് ചെയ്യുന്നത്. ഡൽഹിയുടെ പല അയൽസംസ്ഥാനങ്ങളും ലക്ഷ്വറി ബസിൽ കുട്ടികളെ നേരിട്ട് അവരുടെ സംസ്ഥാനത്ത് എത്തിക്കുകയാണ് ചെയ്യുന്നത്. തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കേരളത്തിന് ഇത് പ്രായോഗികമല്ല.

വിദ്യാർത്ഥികളെ കഴിവതും എയർപോട്ടിൽ നിന്നു തന്നെ ഫ്‌ളൈറ്റിൽ നാട്ടിലെത്തിക്കുകയും അവശേഷിക്കുന്നവരെ മാത്രം കേരള ഹൗസിലെത്തിച്ച് അടുത്ത ഫ്‌ളൈറ്റിൽ നാട്ടിലെത്തിക്കുകയുമാണ് കേരളത്തിന് പ്രായോഗികമായത്. യാത്രയും താമസവും ഭക്ഷണവുമെല്ലാം സൗജന്യമാണ്.

ഏറെ മാനസിക സമ്മർദ്ദവും കഷ്ടപ്പാടുകളും അനുഭവിച്ച് യുദ്ധമുഖത്തു നിന്നെത്തുന്ന വിദ്യാർത്ഥികളുടെ യുക്രൈൻ മുതൽ വീടുവരെയുള്ള യാത്ര സുഗമമാക്കാൻ കേരള സർക്കാർ നടത്തുന്ന ശ്രമത്തിൽ മാധ്യമങ്ങൾ മികച്ച പിന്തുണയാണ് നൽകുന്നത്. തെറ്റായ വാർത്തകൾ നൽകുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും സർക്കാരിന്റെ വിവിധ സംവിധാനങ്ങൾ പല സ്ഥലങ്ങളിലായി നടത്തുന്ന ഏകോപനത്തെ ബാധിക്കുമെന്നും റസിഡന്റ് കമ്മീഷണർ അറിയിച്ചു.