സിപിഐ എം പ്രവർത്തകൻ ഹരിദാസന്റെ കാൽ വെട്ടിമാറ്റിയ ആർഎസ്എസ് നേതാവ് പിടിയിൽ, അറസ്റ്റ് ഉടനെന്ന് സൂചന

0
95

തലശേരി പുന്നോല്‍ താഴെവയലില്‍ താഴെകുനിയില്‍ ഹരിദാസ(54)നെ വെട്ടിക്കൊലപ്പെടുത്തുന്നതിനിടെ ഇടതുകാല്‍ വെട്ടിമാറ്റിയ ആർഎസ്എസ് നേതാവ് പിടിയിൽ. കർണാടകത്തിലും തമിഴ്‌നാട്ടിലും ഒരേസമയം നടത്തിയ റെയ്ഡുകളിലൂടെയാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. പത്തനംതിട്ടയിലെ അടൂരില്‍ നിന്നും മറ്റൊരു പ്രധാനപ്രതി കൂടിയെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

അടൂരില്‍ നിന്നും പിടികൂടിയ ആർഎസ്എസുകാരനെ പുലര്‍ച്ചയോടെ തലശേരിയിലെത്തിച്ചു. വലയിലായിട്ടുള്ള പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഹരിദാസൻ വധത്തിൽ മുഖ്യ ആസൂത്രകൻ പിടിയിലായതോടെ ബിജെപി ആകെ പ്രതിരോധത്തിലാണ്. കഴിഞ്ഞ ദിവസം തെളിവുകൾ സഹിതം കെ ലിജേഷിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാനപ്രതികൾ ഒളിവിൽ കഴിയുന്ന സ്ഥലങ്ങളെപ്പറ്റി പൊലീസിന് വിവരം ലഭിച്ചത്.

കൊലയാളികളെ വിളിച്ചതടക്കം ആസൂത്രണത്തിന്റെ എല്ലാ ഡിജിറ്റൽ തെളിവും ശേഖരിച്ചാണ്‌ ചൊവ്വാഴ്‌ച പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. മൂന്നാംപ്രതിയും മത്സ്യത്തൊഴിലാളിയുമായ ഗോപാലപ്പേട്ടയിലെ എം സുനേഷിന്റെ മൊഴിയും നിർണായകമായി. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് പുന്നോൽ താഴെവയലിലെ ഹരിദാസനെ ആർ എസ് എസുകാർ സംഘം ചേർന്ന്‌ കൊലപ്പെടുത്തിയത്‌.