രാജ്യത്ത് കൊവിഡ് നാലാം തംരംഗം ജൂണിൽ; മുന്നറിയിപ്പുമായി പഠന റിപ്പോർട്ട്

0
64

രാജ്യത്ത് കൊവിഡ് നാലാം തരം​ഗം ജൂൺ മാസത്തോടെ ഉണ്ടാകുമെന്ന് വിദ​ഗ്ധപഠന റിപ്പോർട്ട്. ഐഐടി കാൺപൂരിൻ്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജൂൺ 22ന് അടുത്ത കൊവിഡ് തരംഗം ആരംഭിക്കുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീളുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കൊവിഡ് രൂക്ഷവ്യാപനം ആഗസ്ത് മാസത്തോടെ കുറയുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഐഐടി കാൺപൂരിലെ ശാസ്ത്രജ്ഞരായ സബ്ര പാർഷാദ് രാജേഷ് ഭായ്, സുബ്രശങ്കർ ധർ, സലഭ് എന്നിവർ നടത്തിയ പഠനത്തിലാണ് രാജ്യത്ത് നാലാം തംരംഗം ജൂണിൽ ഉണ്ടായേക്കാമെന്ന് വ്യക്തമാക്കുന്നത്.

ഓഗസ്റ്റ് 23നായിരിക്കും നാലാം തംരംഗം അതിൻ്റെ മൂര്‍ധന്യാവസ്ഥയിലെത്തുക. അതേസമയം, രോഗതീവ്രത എത്രത്തോളമായിരിക്കും എന്ന കാര്യത്തിൽ വ്യക്തമായ പരാമർശമില്ല. ആഗസ്ത് 15 മുതല്‍ 31 വരെ തരംഗം ഏകദേശം അവസാനിച്ചേക്കാം.

എന്നാല്‍ എത്രത്തോളം രൂക്ഷമാകുമെന്നത് കൊവിഡിന്‍റെ ഏത് വകഭേദമാണ് വ്യാപിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എത്രപേര്‍ വാക്സിന്‍ സ്വീകരിച്ചു, എത്ര പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പ്രധാനമാണെന്നും റിപ്പോർട്ടിലുണ്ട്.

രാജ്യത്ത് ഈ വര്‍ഷം പകുതിയോടെ പുതിയ കൊവിഡ് തരംഗമുണ്ടാകുമെന്ന് മുൻപും ആരോഗ്യവിദഗ്ധര്‍ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ കൊവിഡ് വകഭേദമായിരിക്കും അടുത്ത തരംഗത്തിനു കാരണമാകുകയെന്നും ഒമിക്രോൺ പോലെ രോഗതീവ്രത കുറഞ്ഞ വൈറസായിരിക്കും പടരുക എന്ന കാര്യത്തിൽ ഉറപ്പില്ലെന്നുമായിരുന്നു വിദഗ്ധരുടെ അഭിപ്രായം. ദേശീയ കൊവിഡ് 19 ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ അടക്കം നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് കാൺപൂര്‍ ഐഐടിയുടെ പഠനം ഇപ്പോൾ പുറത്തു വരുന്നത്.