ഹരിദാസൻ വധം: പ്രതികളായ ആർഎസ്‌എസ്‌ നേതാക്കളെ ഹാജരാക്കാൻ പ്രൊഡക്‌ഷൻ വാറണ്ട്‌ പുറപ്പെടുവിച്ച് കോടതി

0
80

സിപിഐ എം പ്രവർത്തകൻ തലശേരി പുന്നോല്‍ താഴെവയലില്‍ ഹരിദാസൻ വധക്കേസിൽ റിമാൻഡിൽ കഴിയുന്ന ആർഎസ്‌എസ്‌ നേതാക്കളെ തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്‌ഷൻ വാറണ്ട്‌ പുറപ്പെടുവിച്ചു.

പ്രതികളായ കൊമ്മൽ വയൽ ശ്രീശങ്കരാലയത്തിൽ കെ ലിജേഷ്‌, പുന്നോൽ റേഷൻകടയ്‌ക്കടുത്ത കെ വി വിമിൻ, ഗോപാലപ്പേട്ട സുനേഷ്‌ നിവാസിൽ എം സുനേഷ്‌ എന്ന മണി, പുന്നോൽ എസ്‌കെ മുക്ക്‌ ദേവീകൃപയിൽ അമൽ മനോഹരൻ എന്നിവരെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ്‌ നൽകിയ ഹർജിയിലാണ്‌ ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി പ്രൊഡക്ഷൻ വാറണ്ട്‌ പുറപ്പെടുവിച്ചത്‌. നാലുപേരും ഗൂഢാലോചനക്കേസിൽ പ്രതികളാണ്‌.

തിങ്കൾ പുലർച്ചെ ഒന്നരയ്‌ക്ക്‌ വീട്ടുമുറ്റത്താണ്‌ പുന്നോൽ താഴെവയലിലെ ഹരിദാസനെ പ്രതികൾ സംഘം ചേർന്ന്‌ കൊലപ്പെടുത്തിയത്‌. കൊലപാതകത്തിന്റെ പ്രധാന ആസൂത്രകരായ പ്രതികളെ ചൊവ്വാഴ്‌ചയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മറ്റുപ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്‌. പേരാവൂർ കോളയാട്ടെ വിശ്വനാഥനെ ചോദ്യംചെയ്‌തു.

വെള്ളിയാഴ്‌ച കസ്‌റ്റഡിയിലെടുത്ത ആറുപേരിൽ മൂന്നുപേരെ വിട്ടു. ആവശ്യപ്പെട്ടാൽ അന്വേഷകസംഘത്തിന്‌ മുന്നിൽ ഹാജരാകുമെന്ന ഉറപ്പിലാണ്‌ വിട്ടത്‌. നോട്ടീസ്‌ നൽകി വീണ്ടും വിളിപ്പിച്ച മൂന്നുപേരെ ചോദ്യംചെയ്‌തുവരുന്നു.

കൊലയാളി സംഘത്തിലുൾപ്പെട്ടവരെ തിരിച്ചറിഞ്ഞെങ്കിലും എല്ലാവരും ഒളിവിലാണ്‌. ഇടയ്‌ക്കിടെ താവളം മാറ്റുന്നുമുണ്ട്‌. ഒളിച്ചുകഴിയാൻ സഹായിക്കുന്നവർക്കെതിരെ നടപടിവന്നേക്കുമെന്ന്‌ ഭയന്നാണ്‌ ഒളിയിടം മാറ്റുന്നത്‌ . സംശയിക്കുന്നവരുടെ വീടുകളും ചോദ്യംചെയ്‌തു വിട്ടയച്ചവരും പൊലീസ്‌ നിരീക്ഷണത്തിലാണ്‌. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്‌റ്റുണ്ടാവുമെന്ന്‌ പ്രത്യേക അന്വേഷകസംഘം സൂചന നൽകി.