ഉക്രയ്‌നിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു, ആദ്യ വിമാനത്തിൽ 19 മലയാളികൾ

0
101

ഉക്രയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയിൽ എത്തും. 219 യാത്രക്കാരുമായി പുറപ്പെട്ട ദൗത്യ വിമാനം മുംബൈയിലാണ് പറന്നിറങ്ങുക.

ഇന്ന് അർദ്ധരാത്രിയോടെ വിമാനം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘത്തെ സ്വീകരിക്കാൻ പീയുഷ് ഗോയൽ മുംബൈയിലെത്തും. റഷ്യ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഇന്ത്യയിലേക്ക് തിരിക്കുന്ന ആദ്യ വിമാനമാണിത്.

ആദ്യ വിമാനത്തിൽ 19 മലയാളികളാണുള്ളത്. അടുത്ത വിമാനത്തിൽ 17 മലയാളികൾ ഡൽഹിയിലെത്തും. ഇന്ത്യയിലെത്തുന്നവർക്ക് പുറത്തിറങ്ങാൻ മുംബൈയില്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. വാക്സീൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കു സൗജന്യ ആർടിപിസിആർ പരിശോധന നടത്തും.

വിവരങ്ങൾ തൽസമയം അറിയിക്കാൻ വാട്സാപ് ഗ്രൂപ്പ് തയാറാക്കിയിട്ടുമുണ്ട്. രണ്ടാം ദൗത്യത്തിനായി റൊമാനിയയിലേക്ക് വിമാനം തിരിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നും ഹംഗറിയിലേക്കുള്ള വിമാനം 9 മണിയോടെ പുറപ്പെടുമെന്നാണ് സൂചന. ഹംഗറിയിൽ നിന്നും 1.15 ഓടെ വിമാനം ഇന്ത്യയിലേക്ക് തിരിക്കുക എന്ന രീതിയിലാണ് സമയക്രമീകരണങ്ങൾ.