വാഹന സൗകര്യമില്ല, ഉക്രൈനിന് പുറത്ത് കടക്കാനാവാതെ ഇന്ത്യക്കാര്‍

0
57

ഉക്രൈനിൽ റഷ്യന്‍ അധിനിവേശം മുന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18,000ത്തോളം പേരാണ് ഉക്രൈനിലെ വിവിധ ഭാഗങ്ങളിലുള്ളത്. റഷ്യന്‍ സൈന്യം കീവ് പിടിച്ചടക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയും ഉക്രൈന്‍ ചെറുത്ത് നില്‍പ്പും തുടരുകയും ചെയ്യുന്നതോടെയാണ് സംഘര്‍ഷം അതിരൂക്ഷമാണ്.

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള കേന്ദ്ര നടപടി പുരോഗമിക്കുകയാണ്. ഉക്രൈനിന്റെ അയല്‍രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. റുമാനിയ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നടപടികള്‍ പുരോഗമിക്കുന്നത്. ഇതനുസരിച്ച് ഇന്ത്യയുടെ ആദ്യസംഘം ബുക്കാറസ് വിമാനത്താവളത്തില്‍ എത്തി. ഹംഗറി വഴിയുള്ള ഒഴിപ്പിക്കലും ഇന്ന് തുടങ്ങും.

രക്ഷാദൗത്യങ്ങള്‍ പുരോഗമിക്കുമ്പോഴും കരുതല്‍ വേണമെന്ന് ഇന്ത്യന്‍ എംബസിയും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അതിര്‍ത്തി പോസ്റ്റുകളിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി മുന്‍കൂര്‍ ബന്ധപ്പെടുകയും കൃത്യമായ ഏകോപനം കൂടാതെ ഒരു അതിര്‍ത്തി പോസ്റ്റുകളിലേക്കും മാറരുതെന്നും എംബസി നിർദ്ദേശിച്ചു.

അതിര്‍ത്തികടക്കുക എന്നത് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കിഴക്കന്‍ ഉക്രൈൻ മേഖലകളില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ ദുരിതം നേരിടുന്നത്. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഇവിടങ്ങളില്‍ നിന്ന് രക്ഷാദൗത്യം നടക്കുന്ന പ്രദേശങ്ങളിലേക്ക് എത്തേണ്ടത് പോരാട്ടം രൂക്ഷമായ മേഖലകളിലൂടെയാണ് എന്നതും സാഹചര്യങ്ങള്‍ രൂക്ഷമാക്കുന്നത്.

വാഹനങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. സ്വകാര്യ വാഹനങ്ങളില്‍ പോളണ്ട്, റുമാനിയ അതിര്‍ത്തികളില്‍ എത്തുക എന്നതും വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

സംഘര്‍ഷം രൂക്ഷമായതോടെ കടകള്‍ എല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടെ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ പ്രതിസന്ധിയിലേക്ക് നീങ്ങി. കാലാവസ്ഥയും പ്രതികൂലമാണ്. തണുപ്പ് പൂജ്യത്തിനു താഴെയാണ്. ബങ്കറുകളില്‍ വലിയ തിരക്കാണ്. പലർക്കും നാടുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.