മിന്നൽ പരിശോധനയും ഭീഷണിയും; കെ സുധാകരനെതിരെ വി ഡി സതീശൻ

0
82

തന്റെ ഔദ്യോഗിക വസതിയിൽ മിന്നൽ പരിശോധന നടത്താൻ ആളെ അയച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുധാകരന്റെ നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച സതീശൻ എഐസിസി നേതാക്കൾക്ക് പരാതിയും നൽകി. തന്നെ അപമാനിക്കുക മാത്രമാണ് സുധാകരൻ ലക്ഷ്യമിട്ടതെന്ന് സതീശൻ തുറന്നടിക്കുന്നു.

സംശയങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നോട് ചോദിക്കാമായിരുന്നുവെന്നതും അല്ലാതെ കന്റോൺമെന്റ് ഹൗസിലേക്ക് ചാരന്മാരെ അയച്ച നടപടി നിലവാരം കുറഞ്ഞതായെന്നും സതീശൻ പറയുന്നു. തന്നെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് സതീശൻ ഇതിനകം നേതാക്കളെ അറിയിച്ചും കഴിഞ്ഞു. സംഭവത്തെ തുടർന്ന് സതീശൻ – സുധാകരൻ പക്ഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പോര് തുടങ്ങി.

ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു മിന്നല്‍ പരിശോധന. ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആളെ ആയച്ചത്.

രാത്രി പത്തോടെ കെപിസിസി സംഘം കന്റോണ്‍മെന്റില്‍ എത്തിയപ്പോള്‍ അവിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സാന്നിധ്യത്തില്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നു.