റഷ്യന്‍ സേന കീവില്‍ പ്രവേശിച്ചു; ചെറുത്ത് നില്‍പ്പ് തുടര്‍ന്ന് ഉക്രയ്ന്‍ സേന

0
41

രണ്ടാം ദിനവും ഉക്രയ്‌നില്‍ കനത്ത ആക്രമണം നടത്തി റഷ്യ. ഉക്രയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേന പ്രവേശിച്ചു. റഷ്യന്‍ ടാങ്കുകള്‍ തലസ്ഥാന നഗരത്തിലെ ജനവാസമേഖലകളില്‍ എത്തി. പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.

വന്‍ സ്‌ഫോടന പരമ്പരയാണ് കീവിലുണ്ടായത്. ജനവാസ മേഖലകളിലും ആക്രമണമുണ്ടായി. കനത്ത ആള്‍നാശമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ സേന കീവ് വളയാന്‍ ശ്രമിക്കുകയാണെന്നും താനും കുടുംബവും കീവില്‍ തന്നെ തുടരുമെന്നും ഉക്രയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞിരുന്നു.

റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ സൈനികരും ജനങ്ങളും ഉള്‍പ്പെടെ 137 പേര്‍ കൊല്ലപ്പെട്ടുവെന്നും സെലന്‍സ്‌കി അറിയിച്ചു. പോരാട്ടത്തില്‍ രാജ്യം ഒറ്റയ്ക്കായിരുന്നെന്നും സഹായങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1986 ല്‍ ആണവദുരന്തം നടന്ന മേഖല, കീവിന് വടക്കുള്ള ചെര്‍ണോബില്‍ ആണവനിലയം എന്നിവ റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായി ഉക്രയ്‌നിയന്‍ പ്രസിഡന്‍ഷ്യല്‍ ഓഫീസിലെ ഉപദേഷ്ടാവ് വ്യാഴാഴ്ച പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റഷ്യയുടെ ആക്രമണം തുടങ്ങിയത്. സ്‌ഫോടനങ്ങളും വെടിവെപ്പുകളും പ്രധാന നഗരങ്ങളെ നടുക്കിയപ്പോള്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ രാജ്യത്തു നിന്നും പലായനം ചെയ്തു.

അതേസമയം , നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കാന്‍ ആരംഭിച്ചാല്‍ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇപ്പോള്‍ റഷ്യയെ തടഞ്ഞില്ലെങ്കില്‍ അമേരിക്ക അതിന് ശ്രമിക്കുമെന്നും ബൈഡന്‍ ഊന്നിപ്പറഞ്ഞു. ‘ പ്രസിഡന്റ് വോലോഡിമര്‍ സെലന്‍സ്‌കിയുമായി സംസാരിച്ചു, ഉക്രയ്നിലെ ജനങ്ങളുടെ ദുരിതം കുറയ്ക്കുന്നതിനായി മാനുഷിക സഹായം വാഗ്ദാനം ചെയ്തു,” ബൈഡന്‍ പറഞ്ഞു.