കെ സുധാകരനെ കടന്നാക്രമിച്ച് വീണ്ടും വി ഡി സതീശന്‍, “ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്, എനിക്ക് വേറെ പണിയുണ്ട്”

0
38

വി ഡി സതീശന്റെ വസതിയിലെ രഹസ്യ ഗ്രൂപ്പ് യോഗവും കെ സുധാകരന്റെ കെ സുധാകരൻ റെയ്‌ഡ്‌ നടത്തി പിടിച്ചതും കോൺഗ്രസിൽ വീണ്ടും കലാപം രൂക്ഷമാക്കി. സമൂഹമാധ്യമങ്ങളിലെ യുദ്ധത്തിന് പുറമെ കെ സുധാകരനെ കടന്നാക്രമിച്ച് വീണ്ടും വി ഡി സതീശന്‍ പരസ്യമായി രംഗത്തുവന്നു.

“പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം ചേർന്നുവെന്നു പറയുമ്പോൾ താന്‍ ഏത് ഗ്രൂപ്പിലാണെന്ന് കൂടി പറയണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ‘പാര്‍ട്ടിയില്‍ പുനസംഘടന നടക്കുന്നതിനാല്‍ എല്ലാ ജില്ലകളില്‍ നിന്നും വരുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ കെ പി സി സി പ്രസിഡന്റിനെ കെ പി സി സി ഓഫീസില്‍ വെച്ചും എന്നെ ഇവിടെ വെച്ചും കാണുന്നുണ്ട്. ഏത് ഗ്രൂപ്പിലാണ് ഞാന്‍ പെട്ടതെന്ന് കൂടി ആരോപണം ഉന്നയിക്കുന്നവര്‍ പറയണം. വേറെ പണിയില്ലേ. വേറെ ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. എനിക്ക് വേറെ പണിയുണ്ട്,’ വി ഡി സതീശന്‍ ആഞ്ഞടിച്ചു.

പാർട്ടി പുനഃസംഘടനയും നിയമസഭാ സമ്മേളനവും ചേരുമ്പോൾ പല നേതാക്കളും കാണാൻ വരിക സ്വാഭാവികമാണ്. എന്നാൽ, അതിനെയൊക്കെ ഗ്രൂപ്പ് യോഗമാക്കി വ്യാഖ്യാനിക്കുന്നവർ അതേത് ഗ്രൂപ്പ് എന്ന് കൂടി പറയേണ്ടതുണ്ട്. പാര്‍ട്ടി പുനഃസംഘടന നടക്കുന്നതിനാല്‍ കെപിസിസി പ്രസിഡന്റിനെ മാത്രമല്ല, തന്നേയും കാണാൻ പലരും വരുന്നുണ്ടെന്നും വേറെ ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പ് ആരോപണവുമായി രംഗത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ വീട്ടിൽ രഹസ്യമായി നടത്തിയ പുതിയ ഗ്രൂപ്പ്‌ യോഗം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ റെയ്‌ഡ്‌ നടത്തി പിടിച്ചതോടെയാണ് കോൺഗ്രസിൽ കലാപം രൂക്ഷമായത്. ചെന്നിത്തലയേയും ഉമ്മൻചാണ്ടിയെയും പുകച്ചുചാടിക്കാൻ സുധാകരനും സതീശനും ചക്കരയും ഈച്ചയും പോലെയായിരുന്നു. എന്നാൽ, പുനഃസംഘടന നടത്താൻ അനുമതി ലഭിച്ചതോടെ ഇരുവരും തമ്മിൽ ശീതസമരം തുടങ്ങി. അതിനിടയിലാണ് സതീശൻ കന്റോൺമെൻറ്‌ ഹൗസിൽ രഹസ്യ ഗ്രൂപ്പ് യോഗം വിളിച്ചുചേർത്തത്.

ഗ്രൂപ്പ് യോഗങ്ങള്‍ പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെയാണ്‌ വി ഡി സതീശൻ യോഗം വിളിച്ചത്‌. ഗ്രൂപ്പില്ലാത്ത പുതിയ എംഎൽഎമാരെ കൂട്ടി എ, ഐ ഗ്രൂപ്പിന്‌ വെല്ലുവിളിയായി സതീശൻ ഗ്രൂപ്പിനെ ശക്‌തമാക്കുയായിരുന്നു ലക്ഷ്യം. സതീശനെ കൂടാതെ പാലോട് രവി, ശബരീനാഥ്‌, എം എ വാഹിദ്, വി എസ് ശിവകുമാർ തുടങ്ങി 12 നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.