നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് തട്ടിപ്പ്: ആനന്ദ് സുബ്രമണ്യം അറസ്റ്റില്‍

0
43

നാഷണല്‍ സ്‌റ്റേക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതികളില്‍ ഒരാളും എം ഡി ചിത്ര രാമകൃഷ്ണയുടെ ഉപദേശകനും ഗ്രൂപ്പ് ഓപറേറ്റിംഗ് ഓഫീസറുമായിരുന്ന ആനന്ദ് സുബ്രഹ്മണ്യം ആണ് അറസ്റ്റിലായത്. മൂന്നു ദിവസമായി ആനന്ദിനെ സി ബി ഐ ചെന്നൈയില്‍ ചോദ്യം ചെയ്തു വരികയായിരുന്നു.

ഹിമാലയത്തില്‍ കഴിയുന്ന ഒരു യോഗിയുടെ ശിപാര്‍ശപ്രകാരമാണ് ആനന്ദ് സുബ്രഹ്മണ്യത്തെ ചിത്ര രാമകൃഷ്ണ നിയമിച്ചത്. ചിത്രയുടെ അടുത്ത സുഹൃത്തും ആത്മീയ ഉപദേശകനുമാണ് ഈ യോഗി. ചിത്ര രാമകൃഷ്ണ രഹസ്യാത്മകതയുള്ള സുപ്രധാന വിവരങ്ങള്‍ യോഗിയുമായി പങ്കുവച്ചിരുന്നുവെന്നൂം എം ഡി എന്ന നിലയില്‍ അവര്‍ എടുത്തിരുന്ന തീരുമാനങ്ങളില്‍ യോഗിയുടെ സ്വാധീനമുണ്ടെന്നുമാണ് ആരോപണം. ഇതും അന്വേഷണ പരിധിയിലാണ്.

2013ല്‍ ചിഫ് സ്ട്രാറ്റജിക് അഡ്‌വൈസര്‍ ആയാണ് ആനന്ദ് സുബ്രഹ്മണ്യത്തെ ആദ്യം നിയമിച്ചത്. തുടര്‍ന്ന് 2015ല്‍ ഗ്രൂപ്പ് ഓപറേറ്റിംഗ് ഓഫീസര്‍ ആയി സ്ഥാനക്കയറ്റം നല്‍കി. ക്രമക്കേട് സംബന്ധിച്ച്‌ ആരോപണം ഉയര്‍ന്നതോടെ 2016ല്‍ ഇയാള്‍ നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് വിടുകയായിരുന്നു.

ഏകപക്ഷീയവും അതിവേഗത്തിലുള്ളതും അനുചിതവുമായിരുന്നു ആനന്ദ് സുബ്ര്ഹമണ്യത്തിന്റെ നിയമനമെന്ന് സെക്യുരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പെര്‍ഫോമന്‍സ് വിലയിരുത്താതെ വന്‍തോതില്‍ ശമ്പളം കൂട്ടിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ക്രമക്കേടുകളുടെ പേരില്‍ ചിത്ര രാമകൃഷ്ണന് മൂന്ന് കോടിയും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ഞ്ചേിനും മുന്‍ എം.ഡി രവി നാരായണിനും രണ്ട് കോടി രൂപ വീതവും പിഴ ചുമത്തിയിരുന്നു.