ഡയബറ്റീസ്‌ ഇൻസ്‌റ്റിറ്റ്യൂട്ട് മികവുറ്റതാക്കും; പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി

0
75

പുലയനാർകോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും നെഞ്ച് രോഗാശുപത്രിയും മന്ത്രി വീണാ ജോർജ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. രണ്ട് സ്ഥാപനങ്ങളിലേയും ജീവനക്കാരുമായും രോഗികളുമായും മന്ത്രി സംസാരിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഒപ്പമുണ്ടായിരുന്നു. ഡയബറ്റീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്‌തു. അത്യാധുനിക സൗകര്യത്തോടെ പ്രവർത്തിക്കുന്ന ഡെക്‌സാ യൂണീറ്റ്, ലാബ്, പൊഡിയാട്രി എന്നിവിടങ്ങളിലെ പ്രവർത്തനം മന്ത്രി വിലയിരുത്തി.

ദേശീയതലത്തിൽ ഐസിഎംആറും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും സംയുക്തമായി പ്രമേഹത്തേയും മറ്റ് ജീവിതശൈലീ രോഗങ്ങേെളയും പറ്റി നടത്തിയ പഠനം മന്ത്രി ഡോക്‌ടർമാരുമായി ചർച്ച നടത്തി. 18 വയസിന് മുകളിലുള്ള 24 ശതമാനത്തിലധികം പേർ പ്രമേഹ രോഗികളാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ജീവിതശൈലീ രോഗങ്ങൾ കുറച്ച് കൊണ്ടുവരുന്നതിന് സംസ്ഥാനം പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 30 വയസിന് മുകളിലുള്ളവർക്ക് ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള സർവെ ആരംഭിക്കുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന കാലത്ത് ഡയബറ്റീസ് ഇൻസ്റ്റിറ്റ്യൂട്ടിന് വളരെയധികം പ്രാധാന്യമുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിനെ മികവുറ്റതാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നെഞ്ച് രോഗാശുപത്രിയിലെ വിവിധ വിഭാഗങ്ങൾ, വാർഡുകൾ എന്നിവ മന്ത്രി സന്ദർശിച്ചു. കോവിഡ് കാലത്ത് രോഗികൾക്ക് ഏറെ സഹായകരമായ ആശുപത്രിയാണ് പുലയനാർകോട്ട നെഞ്ച് രോഗാശുപത്രിയെന്ന് മന്ത്രി പറഞ്ഞു. 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണിവിടെയുള്ളത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യം വയ്‌ക്കുന്നത്. ആശുപത്രിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ഡയറക്ടർ ഡോ. ജബ്ബാർ, നെഞ്ച് രോഗാശുപത്രി സൂപ്രണ്ട് ഡോ. വനജ, ഡെപ്യൂട്ടി സൂപ്രണ്ട്, ആർഎംഒ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.