രണ്ടര വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു

0
29

കാക്കനാട് രണ്ടര വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുട്ടിയെ ആരും മർദ്ദിച്ചിട്ടില്ലെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് അമ്മയും അമ്മുമ്മയൂം. അതിനിടെ അമ്മയുടെ സഹോദരീ പങ്കാളിയായ ആൻറണി ടിജിൻ ഇപ്പോഴും ഒളിവിലാണ്. താൻ നിരപരാധിയാണെന്ന് വ്യക്തമാക്കിയുളള ആൻറണിയുടെ വിഡിയോയും പുറത്തുവന്നിരുന്നു. താൻ ഒളിവിലല്ലെന്ന് തൃക്കാക്കരയിൽ  ക്രൂരമായി ആക്രമിക്കപ്പെട്ട രണ്ടരവയസുകാരിക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ആൻറണി ടിജിൻ .

പൊലീസിനെ ഭയന്നാണ് മാറിനിൽക്കുന്നതെന്നും നേരത്തെയുള്ള പരാതിയിൽ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചിരുന്നെന്നും ആൻറണി പറഞ്ഞു. കുട്ടി കളിക്കുന്നതിനിടെ വീണാണ് പരിക്കേറ്റതെന്നാണ് ഇയാൾ പറയുന്നത്. ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണാണെന്നും കുട്ടി കരഞ്ഞ് കാണാഞ്ഞതിനാലാണ് ആശുപത്രിയിൽ എത്തിക്കാഞ്ഞതെന്നും ആൻറണി പറഞ്ഞു.
നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പൊലീസിനെ ചെന്ന് ഉടൻ കാണുമെന്നും ആൻറണി റ്റിജിൻ പറഞ്ഞു. അപസ്മാരം കണ്ടതോടെ താനാണ് ആദ്യം ആശുപത്രിയിലെത്തിച്ചതെന്നും ടിജിൻ പറഞ്ഞു.

അതേസമയം കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിക്ക് സ്വയം ശ്വസിക്കാൻ കഴിയുന്നുണ്ടെന്നും വെൻറിലേറ്ററിൽ നിന്നും മാറ്റിയതായും ഡോക്ടർമാർ അറിയിച്ചു.
സ്വയം ശ്വസിക്കാൻ കുട്ടിക്ക്‌ കഴിയുന്നുണ്ടെന്ന്‌ കോലഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രി ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. അതേസമയം വെന്റിലേറ്റർ ആവശ്യമായി വന്നാൽ ഉപയോഗിക്കുമെന്നും ഡോക്‌ടർമാർ അറിയിച്ചു.
48 മണിക്കൂറിനുള്ളിൽ കുട്ടിക്ക്‌ അപസ്‌മാര ബാധ ഉണ്ടായിട്ടില്ല. ശ്വാസഗതിയും ഹൃദയമിടിപ്പും സാധാരണ ഗതിയിൽ. വൈകുന്നേരത്തോടുകൂടി ദ്രവ രൂപത്തിലുള്ള ആഹാരം കൊടുത്തു തുടങ്ങാനായേക്കുമെന്ന പ്രതീക്ഷയിലാണ്‌.തലച്ചോറിലെ നീർക്കെട്ട് കുറയാനുമുള്ള മരുന്നുകൾ നൽകുന്നുണ്ട്.

തെങ്ങോടുള്ള ഫ്‌ളാറ്റിൽ വാടകയ്ക്കു താമസിക്കുന്ന കുമ്പളം സ്വദേശിനി ഗംഗാസൗമ്യയുടെ മകളാണ് അക്രമത്തിനിരയായത്. തലച്ചോറിന് ക്ഷതം, മുതുകിൽ പൊള്ളൽ എന്നിങ്ങനെ ഗുരുതര പരിക്കുകളോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ശരീരത്തിലെ പരുക്കുകൾ പല നാളുകളായി സംഭവിച്ചതാണെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചത്. കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് ഗംഗാസൗമ്യ (38)ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. ആവശ്യമായ ചികിത്സ നൽകാത്തതിനാണ് കേസ്.

കാക്കനാട് തെങ്ങോട് പഴങ്ങാട്ട് പരീത് റോഡിലെ ഫ്ലാറ്റിൽ ഇവർ വാടകയ്‌ക്ക് താമസിക്കുകയാണ്‌. കുട്ടിയുടെ അച്ഛനുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. കുഞ്ഞിനു മർദനമേറ്റതു സംബന്ധിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പറഞ്ഞിരുന്നത്‌. ഫ്ളാറ്റിൽ ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരി, സഹോദരിയുടെ മകൻ, പങ്കാളി എന്നിവർ കഴിഞ്ഞ ദിവസം അവിടെ നിന്നും പോയതും ദുരൂഹതയാണ്‌.