ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. പോസ്റ്റല്‍ ബാലറ്റുകളില്‍ സൈനികകേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ ടിക്ക് ചെയ്യുന്നതും ഒപ്പിടുന്നതുമായ വീഡിയോ ഹരീഷ് റാവത്ത് പുറത്തുവിട്ടു. ബിജെപി പോസ്റ്റല്‍ ബാലറ്റുകളില്‍ കൃത്രിമം കാണിക്കുകയാണെന്ന് ഹരീഷ് റാവത്ത് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ ഇക്കാര്യം വന്നിട്ടുണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം ചോദിച്ചു.
”എല്ലാവരുടെയും അറിവിലേക്കായി ഒരു ചെറിയ വീഡിയോ പങ്കിടുന്നു. ഒരു സൈനിക കേന്ദ്രത്തിലെ ഒരാള്‍ എങ്ങനെയാണ് നിരവധി ബാലറ്റ് പേപ്പറുകളില്‍ ടിക്ക് ചെയ്ത് ഒപ്പിടുന്നത് എന്ന് ഇത് കാണിക്കുന്നു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധിക്കുമോ?’ ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തു. അതേസമയം ട്വീറ്റിലെ വീഡിയോയുടെ ഉറവിടം വെളിപ്പെടുത്താന്‍ ഹരീഷ് റാവത്തിന്റെ വക്താവ് സുരേന്ദ്ര കുമാര്‍ വിസമ്മതിച്ചു. എന്നാല്‍ ഇത് ഉത്തരാഖണ്ഡില്‍ നിന്നുള്ളത് തന്നെയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇക്കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും എന്നാല്‍ സ്വമേധയാ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹരീഷ് റാവത്തിന്റെ ട്വീറ്റ് സംസ്ഥാന കോണ്‍ഗ്രസ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ജനാധിപത്യത്തിന്റെ പരിഹാസം’ എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ വീഡിയോ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ജനാധിപത്യത്തെ പരിഹസിക്കുന്ന ഈ വീഡിയോയില്‍, ഒരു സൈനിക കേന്ദ്രത്തില്‍ ഒരാള്‍ താന്‍ തിരഞ്ഞെടുക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി നിരവധി പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളില്‍ ടിക്ക് ചെയ്യുകയും ഒപ്പിടുകയും ചെയ്യുന്നതായി കാണാം.