കണ്ണുര്‍ യുണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത അപ്പീല്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളി. പുനര്‍ നിയമനം നിയമവിരുദ്ധമാണന്നാരോപിച്ച് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്തും മറ്റുമാണ് അപ്പീല്‍ സമര്‍പ്പിച്ചത്.
നിയമനം ഗവര്‍ണര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് സിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജികള്‍ തള്ളിയത്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും സർക്കാരിന്റെ നിര്‍ദേശവും മാനിച്ചാണ് പുനര്‍നിയമനം അംഗീകരിച്ചതെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു.
പുനര്‍ നിയമനം ആദ്യ നിയമനത്തിന്റെ തുടര്‍ച്ചയാണെന്നും സെലക്ഷന്‍ കമ്മിറ്റി വഴിയുള്ള നിയമന നടപടികളുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു. 60 വയസ് പ്രായപരിധി ആദ്യ നിയമനത്തിന് മാത്രമാണ് ബാധകമെന്നും പുനര്‍ നിയമനത്തിന് ബാധകമല്ലെന്നും യുജിസി ചട്ടങ്ങളില്‍ ഉയര്‍ന്ന പ്രായപരിധിയോ കാലാവധിയോ നിഷ്ക്കര്‍ഷിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. പുനര്‍ നിയമനം പുതിയ നിയമനമാണന്നും സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചുള്ള നടപടികള്‍ വേണമെന്നുമുള്ള ഹര്‍ജിക്കാരുടെ വാദങ്ങള്‍ കോടതി തള്ളി.
നിയമനത്തിനുള്ള വിജ്ഞാപനം പിന്‍വലിച്ചത് പ്രോ ചാന്‍സലറായ മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണന്ന വിവരം പിന്നീടാണ് പുറത്തു വന്നതെന്നും മന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.