കര്‍ണാടകയില്‍ തിലകം അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ തടഞ്ഞ് കോളേജ് അധികൃതര്‍; പ്രതിഷേധവുമായി ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍

0
129

കര്‍ണാടകയില്‍ തിലകം അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ കോളേജ് കവാടത്തില്‍ തടഞ്ഞ് അധ്യാപകര്‍. വിദ്യാര്‍ത്ഥിയോട് തിലകം മായ്ച്ചുകളഞ്ഞതിന് ശേഷം മാത്രം കോളേജില്‍ പ്രവേശിച്ചാല്‍ മതിയെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. ഹിജാബും കാവിഷാളും പോലെ തന്നെ തിലകവും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥിയോട് പറഞ്ഞു. എന്നാല്‍ തിലകം മായ്ച്ചുകളയാന്‍ വിദ്യാര്‍ത്ഥി വിസമ്മതിച്ചതോടെ തിരികെ വീട്ടിലേക്ക് മടങ്ങണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.

ഇതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. മതപരമായ വസ്ത്രങ്ങള്‍ക്കാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതെന്നും തിലകം അണിയുന്നതിനല്ലെന്നും ക്ലാസ് ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ വാദിച്ചു.
സംഭവം അറിഞ്ഞ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരടക്കമുള്ള ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കോളേജിലേക്കെത്തുകയും അധികൃതര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഉടന്‍ തന്നെ പൊലീസ് കോളേജിലെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.