തിരുവനന്തപുരത്തെ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അടച്ചുപൂട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം. റിക്രൂട്ട്മെന്റ് ബോർഡ് അടച്ചുപൂട്ടി എല്ലാ റിക്രൂട്ട്മെന്റ് നടപടികളും ചെന്നൈ റിക്രൂട്ട്മെന്റ് ബോർഡിന് കീഴിൽ കൊണ്ടുവരാനുള്ള റെയിൽവേയുടെ ആലോചനകൾക്കെതിരേ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഡോ.വി ശിവദാസൻ എം.പി കത്ത് നൽകിയിരുന്നു.
തുടർന്നാണ് രാജ്യസഭയിൽ വി.ശിവദാസൻ എം.പി റെയിൽവേ മന്ത്രാലയത്തോട് വ്യക്തത തേടിയത്. ഇതിന്റെ മറുപടിയായാണ് അടച്ചുപൂട്ടൽ തീരുമാനങ്ങളൊന്നുമില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.
ദക്ഷിണ റെയിൽവെക്ക് കീഴിൽ തിരുവനന്തപുരം, പാലക്കാട്, മധുര ഡിവിഷനുകൾക്ക് വേണ്ടിയുള്ള തിരുവനന്തപുരം റിക്രൂട്ട്‌മെന്റ് ബോർഡാണ് പൂട്ടാനായി ആലോചനയുണ്ടായിരുന്നത്. സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ഗാർഡ്, ടിക്കറ്റ് ക്ലർക്ക്, സീനിയർ ക്ലർക്ക്, കൊമേഴ്സ്യൽ അപ്രന്റിസ്, ട്രെയിൻ ക്ലർക്ക്, ജൂനിയർ/സീനിയർ ടൈം കീപ്പർ, ട്രാഫിക് അസിസ്റ്റന്റ് തുടങ്ങി ഇരുപതോളം തസ്തികകളിൽ തിരുവനന്തപുരം ആർ.ആർ.ബി വഴിയാണ് നിയമനം നടത്തിയിരുന്നത്.