പൗരത്വ പ്രക്ഷോഭകരുടെ സ്വത്തുകണ്ടുകെട്ടാന്‍ നീക്കം: യു പിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം

0
59

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നല്‍കിയ നോട്ടീസ് യു പി സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് ജസ്റ്റിസ്ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

യുപി സര്‍ക്കാര്‍ ഒരേ സമയം പരാതിക്കാരനും വിധികര്‍ത്താവും പ്രോസിക്യൂട്ടറുമാകുകയാണ്. ഇത് നിയമ വിരുദ്ധമാണ്. വസ്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് ഈ മാസം 18നകം പിന്‍വലിക്കാന്‍ യു പി സര്‍ക്കാറിന് അവസരം നല്‍കുകയാണ്. ഇല്ലെങ്കില്‍ ഉത്തരവ് റദ്ദാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം തുടങ്ങിയത്. യു പിയിലെ വിവിധ ജില്ലാ ഭരണകൂടങ്ങള്‍ സമരക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. സി എ എ വിരുദ്ധ സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് കാണിച്ച്‌ 106 കേസുകളാണ് യു പിയില്‍ രജിസ്റ്റര്‍ ചെയ്തത്.