എങ്കിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ല; യോഗിക്ക് മറുപടിയുമായി മുഖ്യമന്ത്രി

0
20

കേരളത്തെ അധിക്ഷേപിച്ച് പ്രസ്‌താവന നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചു.

യോഗി ആദിത്യനാഥിന് മറുപടിയുമായി കോൺഗ്രസ് എംപി ശശി തരൂരും രംഗത്ത് വന്നു. ട്വിറ്ററിലൂടെയാണ് ശശി തരൂർ യോഗിക്ക് മറുപടിയുമായി എത്തിയത്. ഉത്തർപ്രദേശ് കേരളമായാൽ മികച്ച വിദ്യാഭ്യാസം ഉണ്ടാകും, കശ്‌മീരായാൽ പ്രകൃതി ഭംഗിയുണ്ടാകും, ബംഗാളായാൽ മികച്ച സംസ്‌കാരമുണ്ടാകും എന്നാണ് ശശി തരൂർ യോഗിക്ക് മറുപടി നൽകിയത്.

ബിജെപി സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ തപസ്യക്ക് വോട്ട് നൽകിയില്ലെങ്കിൽ ഉത്തർപ്രദേശ് കേരളവും ബംഗാളും കശ്‌മീരും പോലെ ആകാൻ അധിക സമയം വേണ്ടി വരില്ലെന്ന് ആയിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്‌താവന. ഒരു തെറ്റുപറ്റിയാൽ കേരളമോ കശ്‌മീരോ ബംഗാളോ പോലെയാകും ഉത്തർപ്രദേശ് എന്നാണ് യോഗിയുടെ പരാമർശം. യുപി ബിജെപിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

തന്റെ ഹൃദയത്തിൽ തൊട്ട് ചില വിഷയങ്ങളാണ് വിശദീകരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ വീഡിയോ ആരംഭിക്കുന്നത്. അഞ്ച് വർഷത്തെ തന്റെ ഭരണകാലത്ത് അതിശയകരമായ സംഭവങ്ങളാണ് യുപിയിൽ നടന്നതെന്ന് യോഗി ചൂണ്ടിക്കാണിക്കുന്നു.

വോട്ട് ബിജെപിക്ക് ചെയ്യണമെന്നും പിഴവ് പറ്റരുതെന്നും യോഗി ആദിത്യനാഥ്‌ പറയുന്നു. നിങ്ങളുടെ വോട്ടാണ് യുപിയുടെ ഭാവി തീരുമാനിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിൻ സർക്കാർ നിങ്ങൾക്കു വേണ്ടി ചെയ്‌ത കാര്യങ്ങൾ നേരിട്ട് കണ്ടിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലനമാകണം വോട്ട്. വരാനുള്ള വർഷങ്ങളിൽ നിങ്ങൾക്ക് ഭീതിയില്ലാതെ കഴിയാനുള്ള ഒന്നാകട്ടെ ഇത്തവണത്തെ വോട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.