വെള്ളപ്പാറയിലെ അപകട മരണം; കെഎസ്ആർടിസി ഡ്രൈവറെ സസ്‌പെൻഡ് ചെയ്‌തു

0
37

കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാർ മരണപ്പെട്ട സംഭവത്തിൽ ബസ് ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്‌തു. വടക്കഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സിഎൽ ഔസേപ്പിനെയാണ് സിഎംഡി സസ്‌പെൻഡ് ചെയ്‌തത്.

ഈ മാസം 7ന് പാലക്കാട് നിന്നും വടക്കാഞ്ചേരിയിലേക്ക് സർവ്വീസ് നടത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാൻ ശ്രമിച്ചതോടെ ബസ് തട്ടി യുവാക്കൾ മരണപ്പെടുകയായിരുന്നു. കാവശ്ശേരി ഈടുവെടിയാൽ ഷീജാ നിവാസിൽ മോഹനന്റെ മകൻ ആദർശ് (23), കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയംകുന്നിലെ കെ തമ്പാന്റെ മകൻ കെ സാബിത്ത് (26) എന്നിവരാണ് ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കുടുങ്ങി മരിച്ചത്.

അമിതവേഗത്തിൽ സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കുന്നതിനിടയിലാണ് അപകടം നടന്നതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ അപകടവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ബസിന്റെ പിറകിലായി സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോർഡിൽ പതിയുകയും വിവരം ന്യൂസ് ചാനലുകളിലും, സോഷ്യൽ മീഡിയകളിലും പ്രചരിക്കുകയും ചെയ്‌തു. തുടർന്ന് നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തുകയായിരുന്നു.