പഴയങ്ങാടിയിലെ വൻ കഞ്ചാവ് വേട്ട. എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന 4.300 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പരിയാരം ഹൈസ്കൂളിന് സമീപം താമസിക്കുന്ന അശ്വിൻ രാജിനെയാണ് (23) ഇന്നലെ രാത്രി പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എ ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന മാരുതി ആൾട്ടോ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പിപി രാജിരാഗിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ, തളിപ്പറമ്പ്, മാട്ടൂൽ, പുതിയങ്ങാടി, ഏട്ടിക്കുളം, പരിയാരം ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
കഞ്ചാവ് ചെറിയ കവറുകളിലാക്കി സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ഉൾപ്പടെ ഇയാൾ വിൽപന നടത്തുകയും, വിദ്യാർഥികളെ ഉപയോഗിച്ച് കഞ്ചാവ് വിൽപന നടത്തുകയും ചെയ്ത് വരികയായിരുന്നു. പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ വിദ്യാർഥികൾ ഉൾപ്പടെ ഉള്ളവർ നിരന്തരമായി വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മാട്ടൂൽ, മാടായി, പുതിയങ്ങാടി, മാടായിപ്പാറ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനാ സംഘം വലിയ തോതിൽ പ്രവർത്തിക്കുന്നതായാണ് വിവരം.