സംസ്ഥാന കായകൽപ്പ് അവാർഡ് പ്രഖ്യാപിച്ചു

0
30

കഴിഞ്ഞ വർഷത്തെ സംസ്ഥാന കായകൽപ്പ് അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്.

ജില്ലാതല ആശുപത്രികളിൽ 92.75 ശതമാനം സ്‌കോർ നേടി ജില്ലാ ആശുപത്രി കൊല്ലം, ജനറൽ ആശുപത്രി എറണാകുളം ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ പങ്കിട്ടു. ജില്ലാ തലത്തിൽ 89.24 ശതമാനം സ്‌കോറോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ ജനറൽ ആശുപത്രി തൃശൂർ കരസ്ഥമാക്കി. ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ സ്‌കോർ നേടിയ 6 ആശുപത്രികൾ 3 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡുകളും നേടിയിട്ടുണ്ട്.

സബ് ജില്ലാ തലത്തിൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി പുനലൂർ, കൊല്ലം (91.06 ശതമാനം) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാർഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി താമരശേരി, കോഴിക്കോട് (89.95 ശതമാനം) കരസ്ഥമാക്കി. അതോടൊപ്പം തന്നെ സബ് ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ സ്‌കോർ നേടിയ 7 ആശുപത്രികൾക്ക് 1 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡുകൾ ലഭിക്കുന്നതാണ്.

സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയ്ക്ക് സി.എച്ച്.സി പെരിഞ്ഞനം തൃശൂർ (91.29 ശതമാനം) അർഹത നേടി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 13 ആശുപത്രികൾക്ക് 1 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡുകൾ ലഭിക്കുന്നതാണ്.

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ 3 ക്ലസ്റ്റർ ആയി തിരിച്ചാണ് അവാർഡ് നൽകിയത്. അതിൽ ഫസ്റ്റ് ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തിരുവല്ല, പത്തനംതിട്ട (99.2 ശതമാനം) 2 ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മാമ്പഴക്കര, തിരുവനന്തപുരം (96.3 ശതമാനം) കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുട്ടട, തിരുവനന്തപുരം (95.8 ശതമാനം) ഒരു ലക്ഷം രൂപയുടെ മൂന്നാം സ്ഥാനത്തിന് അർഹരായി.

സെക്കന്റ് ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വി.ആർ. പുരം തൃശൂർ (98.3 ശതമാനം) ഒന്നാം സ്ഥാനവും, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ഗോസായിക്കുന്ന്, തൃശൂർ (97.9 ശതമാനം) രണ്ടാം സ്ഥാനവും, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ എളമാൻതോപ്പ്, എറണാകുളം (96.3 ശതമാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

തേർഡ് ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വെട്ടേക്കോട്, മലപ്പുറം 92.9 ശതമാനത്തോടെ ഒന്നാം സ്ഥാനവും അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പുളിങ്കുന്ന്, കാസർഗോഡ് 90 ശതമാനത്തോടെ രണ്ടാം സ്ഥാനവും അർബൻ പ്രൈമറി ഹെൽത്ത് സെന്റർ കൽപ്പറ്റ, വയനാട് 87.9 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അതോടൊപ്പം തന്നെ നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 9 ആശുപത്രികൾക്ക് 50,000 രൂപ വീതം കമൻഡേഷൻ അവാർഡുകൾ ലഭിക്കുന്നതാണ്.

പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയിൽ തന്നെ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 50,000 രൂപ വീതവും അവാർഡ് തുക ലഭിക്കുന്നതാണ്.

എഫ്.എച്ച്.സി. കാട്ടാക്കട ന്യൂ ആമച്ചൽ, തിരുവനന്തപുരം (92.5 ശതമാനം), എഫ്.എച്ച്.സി. അഴീക്കൽ, കൊല്ലം (86.3 ശതമാനം), പിഎച്ച്‌സി പാണാവള്ളി, ആലപ്പുഴ (81 ശതമാനം), പിഎച്ച്‌സി പുന്നപ്ര സൗത്ത് (81 ശതമാനം), എഫ്എച്ച്‌സി ഓമല്ലൂർ പത്തനംതിട്ട (94.2 ശതമാനം), എഫ്എച്ച്‌സി മുത്തോലി, കോട്ടയം (87.9 ശതമാനം), പിഎച്ച്‌സി കോടിക്കുളം, ഇടുക്കി (85 ശതമാനം), എഫ്എച്ച്‌സി രായമംഗലം, എറണാകുളം (91.7 ശതമാനം), എഫ്എച്ച്‌സി മാടവന, തൃശൂർ (96.7 ശതമാനം), എഫ്എച്ച്‌സി പൂമംഗലം, തൃശൂർ (96.7 ശതമാനം), എഫ്എച്ച്‌സി വെല്ലിനേഴി, പാലക്കാട് (80.3 ശതമാനം), എഫ്എച്ച്‌സി വഴക്കാട്, മലപ്പുറം (97 ശതമാനം), എഫ്എച്ച്‌സി നരിപ്പറ്റ, കോഴിക്കോട് (97.1 ശതമാനം), എഫ്.എച്ച്.സി. എടവക, വയനാട് (97.9 ശതമാനം). എഫ്എച്ച്‌സി ന്യൂ മാഹി, കണ്ണൂർ (95.6 ശതമാനം), എഫ്എച്ച്‌സി പാണത്തൂർ, കാസർഗോഡ് (98.3 ശതമാനം) എന്നിവയാണ് പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയവർ.

അതോടൊപ്പം തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 28 ആശുപത്രികൾക്ക് 50,000 രൂപ വീതം കമൻഡേഷൻ അവാർഡുകൾ ലഭിക്കുന്നതാണ്.

കേരളത്തിലെ ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകിവരുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.