കോഴിക്കോട് മെഡിക്കൽ കോളേജിലെ ആകാശപാത തുറന്നു

0
35

കോഴിക്കോട് മെഡിക്കൽ കോളേജിലെ ആകാശപാത പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കി. ആശുപത്രിയിലെ വിവിധ ബ്ലോക്കുകളെ ബന്ധിപ്പിച്ചാണ് ആകാശ പാത നിർമ്മിച്ചത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചഅസ്ഥിരോഗ വിഭാഗം ഒപി ആരോഗ്യമന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു.

മെഡിക്കല്‍ കോളേജ് ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പി.എം.എസ്.വൈ ബ്ലോക്ക് എന്നിവയെ പരസ്പരം ബന്ധിപ്പിച്ചാണ് ആകാശപാത നിര്‍മിച്ചത്. 172 മീറ്റര്‍ നീളവും 13 അടി വീതിയുമുള്ള പാതയിലൂടെ സഞ്ചരിക്കാന്‍ രോഗികള്‍ക്ക് ബാറ്ററി കാര്‍ സേവനമേര്‍പ്പെടുത്തും. ഭാരത് പെട്രോളിയം കോര്‍പറേഷന്റെയും മെഡിക്കല്‍ കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെയും ധനസഹായത്തോടെയാണ് ആകാശപാതയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

മറ്റു ബ്ലോക്കുകളിലേക്ക് മഴയും വെയിലുമേറ്റ് പോയിരുന്ന ആളുകള്‍ക്ക് പുതിയ പാത ഏറെ ആശ്വാസമാകുമെന്ന് ഉദ്ഘാടനം നിർവ്വഹിച്ച്മന്ത്രി പറഞ്ഞു മുഹമ്മദ് റിയാസ് പറഞ്ഞു. സർക്കാർ ആശുപത്രികളിലെ ഭൗതിക സൗകര്യം ഇനിയും മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പിയുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പുതിയ ഒ.പിയുടെ വരവോടെ കൂടുതല്‍ ആളുകള്‍ക്ക് സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാകും. നിപയും കോവിഡും ഫലപ്രദമായി നേരിട്ട കോഴിക്കോട് മെഡിക്കല്‍ കോളേജിന് പുതിയ ഒ.പി കൂടുതല്‍ കരുത്താകുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പുമന്ത്രിയായിരുന്ന ഡോ. എ.ആര്‍. മേനോന്റെ പ്രതിമ അനാഛാദനവും മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് ഉദ്ഘാടന ചടങ്ങുകള്‍ നടത്തിയത്.എം.എൽ.എമാരായ ടി.പി. രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.