തൃശൂര്‍ കണ്ണന്‍ക്കുഴിയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഉപരോധിച്ചു. അതിരപ്പള്ളി‐ആനമല റോഡിൽ വെറ്റിലപ്പാറയിലാണ് വന്യമൃഗശല്യം അവസാനിപ്പിക്കാൻ വനംവകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുന്നത്. തുടക്കത്തിൽ ഗതാഗതം പൂർണമായും തടസപ്പെടുത്തിയായിരുന്നു പ്രതിഷേധം പിന്നീട് ബസുകൾ കടത്തി വിട്ടു.
പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്നിമിയ എന്ന അഞ്ചു വയസുകാരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കണ്ണംകുഴിയില്‍ ഇവരുടെ വീടിന് സമീപത്ത് നിന്നും അല്പം മാറിയാണ് ഒറ്റയാനെ കണ്ടത്. ആനയെ കണ്ട് വീട്ടുകാര്‍ ചിതറി ഓടുന്നതിനിടയില്‍ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛന് നിഖിലിലും അപ്പൂപ്പന് ജയനും പരുക്കേറ്റു. മൂന്ന് പേരെയും നാട്ടുകാര്‍ ചേര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും ആഗ്മിനിയ മരിച്ചു.