സൈനികൻ എ പ്രദീപിന്റെ ഭാര്യ സർക്കാർ ജോലിയിൽ പ്രവേശിച്ചു; നിയമനം താലൂക്ക്‌ ഓഫീസിൽ എൽഡി ക്ലർക്കായി

0
40

തൃശൂർ കൂനൂരിൽ വ്യോമസേനാ ഹെലികോപ്‌റ്റർ അപകടത്തിൽ അന്തരിച്ച തൃശൂർ പൊന്നൂക്കര സ്വദേശി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സർക്കാർ ജോലിയിൽ പ്രവേശിച്ചു. റവന്യൂമന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ തൃശൂർ താലൂക്ക് ഓഫീസിൽ എൽഡി ക്ലർക്കായാണ്‌ ശ്രീലക്ഷ്മി തിങ്കളാഴ്‌ച രാവിലെ ജോലിയിൽ പ്രവേശിച്ചത്‌.

ഡിസംബർ 15ന്‌ ചേർന്ന മന്ത്രിസഭായോഗം ശ്രീലക്ഷ്മിയ്‌ക്ക്‌ സർക്കാർ ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നു. കൂടാതെ ധനസഹായമായി 5 ലക്ഷം രൂപയും പ്രദീപിന്റെ അച്ഛന് ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3 ലക്ഷം രൂപയും ധനസഹായം നൽകാൻ തീരുമാനിച്ചു.

2018 ൽ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തിലടക്കം രക്ഷാപ്രവർത്തനങ്ങൾക്കായി പ്രദീപ്‌ സ്വയം സന്നദ്ധമായി സേവനമനുഷ്ടിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ എട്ടിനാണ്‌ തമിഴ്‌നാട്ടിലെ കൂനൂരിൽ വ്യോമസേനാ ഹെലികോപ്‌റ്റർ അപകടത്തിൽ സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്, ജൂനിയർ വാറണ്ട്‌ ഓഫീസർ എ പ്രദീപ്‌ എന്നിവരുൾപ്പെടെ 14 പേരുടെ ജീവൻ കവർന്ന അപകടമുണ്ടായത്‌. മോശം കാലവസ്ഥയായിരുന്നു അപകട കാരണം.