വാവ സുരേഷിന് സിപിഎം വീട് നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍

0
33

പാമ്പ് കടിയേറ്റ് ഗുരുതരാവസ്‌ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന വാവ സുരേഷ് അൽപ സമയം മുൻപാണ് ആശുപത്രി വിട്ടത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അഭയം ചാരിറ്റബിള്‍ ട്രസ്‌റ്റുമായി സഹകരിച്ച് വീട് നിര്‍മിച്ച് നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. വാവ സുരേഷിന്റെ ആരോഗ്യനില പഴയ അവസ്‌ഥയിലേക്ക് തിരിച്ചെത്തിയതോടെ ആണ് ഇന്ന് ഡിസ്‌ചാർജ് ചെയ്‌തത്‌. മന്ത്രി വിഎന്‍ വാസവനും വാവ സുരേഷിനൊപ്പം ഉണ്ടായിരുന്നു.

നിരവധി പേരാണ് വാവ സുരേഷിനെ കാണാനായി ആശുപത്രിയില്‍ തടിച്ചുകൂടിയത്. അണുബാധക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും ഡോക്‌ടർമാർ നിർദ്ദേശിച്ചു. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്.

അതേസമയം, തന്റെ രണ്ടാം ജൻമമാണിതെന്ന് വാവ സുരേഷ് പറഞ്ഞു. കൃത്യസമയത്ത് ചികിൽസ കിട്ടിയത് തുണയായി. പാമ്പ് പിടുത്തം തുടരാന്‍ തന്നെയാണ് തീരുമാനം. തനിക്കെതിരെ ചിലര്‍ ഗൂഢാലോചന നടത്തി. വനംവകുപ്പിലെ ഒരു ഉദ്യോഗസ്‌ഥന്‍ പലരോടും പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പറയുന്നുണ്ട്. ഏത് രീതിയിൽ പാമ്പിനെ പിടിച്ചാലും അപകട സാധ്യതയുണ്ട്. മരണംവരെ പാമ്പ് പിടുത്തത്തില്‍ നിന്ന് പിൻമാറില്ലെന്നും വാവ സുരേഷ് പറഞ്ഞു.