കാസർഗോഡ് അത്യാധുനിക ഇന്റഗ്രേറ്റഡ് പബ്ളിക് ഹെൽത്ത് ലാബ് ഒരുങ്ങുന്നു

0
31

കാസർഗോഡ് ജില്ലയിൽ 6 മാസത്തിനകം അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ളിക് ലാബ് സജ്‌ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്ര സഹായത്താൽ 2026ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ളിക് ലാബ് സജ്‌ജമാക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി അറിയിച്ചു,

സംസ്‌ഥാന സർക്കാർ പ്രത്യേക താൽപര്യമെടുത്ത് കാസർഗോഡ് 1.25 കോടി മുടക്കി ലാബിനാവശ്യമായ രണ്ട് നില കെട്ടിടം നിർമിച്ചിരുന്നു. ഈ ലാബ് ഇന്റഗ്രേറ്റഡ് പബ്ളിക് ലാബ് ആയി ഉയർത്തുന്നതിന് കേന്ദ്ര സർക്കാർ 1.25 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ലാബിനാവശ്യമായ ഫർണിച്ചറുകളും പരിശോധനാ സാമഗ്രികളും തയ്യാറാക്കുന്നതാണ്. ലബോറട്ടറി സൗകര്യം കുറഞ്ഞ കാസർഗോഡ് പുതിയ പബ്ളിക് ഹെൽത്ത് ലാബ് വരുന്നതോടെ ജനങ്ങൾക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്‌തമാക്കി.

കേന്ദ്ര സഹായത്താൽ 2026 ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് സജ്ജമാക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി പറഞ്ഞു. നിലവിലെ പബ്ളിക് ഹെൽത്ത് ലാബുകൾ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കും. പബ്ളിക് ഹെൽത്ത് ലാബില്ലാത്ത ജില്ലകളിൽ പുതുതായി ലാബുകൾ സ്‌ഥാപിക്കുന്നതാണ്; മന്ത്രി അറിയിച്ചു.

പകർച്ച വ്യാധികൾ, പകർച്ചേതര വ്യാധികൾ, ഹോർമോൺ പരിശോധന, കോവിഡ് പരിശോധന തുടങ്ങിയവയെല്ലാം ഈ ലാബിൽ ചെയ്യാൻ സാധിക്കുമെന്നും പത്തോളജി, മൈക്രോബയോളജി, വൈറോളജി പരിശോധനകളും സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്ന പബ്ളിക് ഹെൽത്ത് ലാബുകളിലൂടെ ഏതൊരാൾക്കും ഒപി, ഐപി ബാധകമല്ലാതെ ഡോക്‌ടറുടെ കുറിപ്പടിയോട് കൂടി സേവനം ലഭ്യമാണ്. ബിപിഎൽ വിഭാഗക്കാർക്ക് എല്ലാവിധ പരിശോധനകളും സൗജന്യമായാണ് ചെയ്‌ത്‌ കൊടുക്കുന്നത്. എപിഎൽ വിഭാഗക്കാർക്ക് സർക്കാർ നിശ്‌ചയിച്ചിട്ടുള്ള നിശ്‌ചിത ഫീസ് മാത്രമേ ഇവിടെ ഈടാക്കുകയുള്ളൂ.