കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ എത്തുന്ന ആളുകൾക്ക് ആധാർ വേണമെന്ന് നിർബന്ധം പിടിക്കരുതെന്ന നിർദ്ദേശവുമായി സുപ്രീം കോടതി. വാക്‌സിനേഷനായി കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കുന്ന നടപടി ഒഴിവാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
അതിന് പിന്നാലെ കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യുന്നതിന് പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങി ഒമ്പത് തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കോടതിയിൽ വ്യക്‌തമാക്കി. കൂടാതെ വാക്‌സിനേഷന് ആധാർ നിർബന്ധമല്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്റെ മറുപടി ലഭിച്ചതോടെ കോടതി ഹരജി ഒത്തുതീർപ്പാക്കി. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.