വാവ സുരേഷിനെ സാധാരണമുറിയിലേക്ക് മാറ്റി, എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയെന്ന് സുരേഷ്

0
137

വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതായി ആശുപത്രി വൃത്തങ്ങള്‍. ഇന്നലെ മുതല്‍ നടക്കാന്‍ തുടങ്ങി. സുരേഷിനെ ശനിയാഴ്ച സാധാരണമുറിയിലേക്ക് മാറ്റി. ഇനി മുറിവുണക്കാനുള്ള ആന്റിബയോട്ടിക് മാത്രം നല്‍കിയാല്‍ മതിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സാധാരണമുറിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷിച്ചശേഷം ഡിസ്ചാര്‍ജ് നല്‍കുമെന്നും ഓക്സിജന്‍ സപ്പോര്‍ട്ട് പൂര്‍ണമായും മാറ്റിയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയെന്ന് വാവാ സുരേഷ് പ്രതികരിച്ചു. ഡോക്ടര്‍മാര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയെന്ന് വാവ സുരേഷ് പറഞ്ഞു. തിരിച്ചു വരവിനായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രി മുറിയില്‍ സന്തോഷവാനായാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ സുരേഷുള്ളത്.

ആരോഗ്യ സ്ഥിതിയില്‍ നല്ല പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കൊപ്പം തോളില്‍ കൈ പിടിച്ചുകൊണ്ടാണ് വാവ സുരേഷ് മുറിയിലേക്ക് പ്രവേശിച്ചത്. നിലവില്‍ വാവ സുരേഷിന് ആന്റിബയോടിക്‌സുകള്‍ നല്‍കി വരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി ഉടന്‍ പുറത്തിറക്കും. സംഭവങ്ങള്‍ ഓര്‍ത്തെടുക്കാനും നടക്കാനും ഭക്ഷണം കഴിക്കാനും വാവ സുരേഷിന് കഴിയുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.