ആസനത്തിലെ ആല് കുടയാക്കുന്ന മാധ്യമങ്ങൾ

0
30

ആസനത്തിൽ ആല് മുളച്ചാൽ അത് തണലാക്കുന്നവർ എന്ന ചൊല്ല് കേട്ടിട്ടേയുള്ളു. എന്നാൽ ആ ആല് കുടയാക്കി അതിനു കീഴിലിരുന്ന് ദുർഗന്ധം വമിപ്പിക്കുന്നവരായി മാറിയിരിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങൾ. കേരളീയ സമൂഹത്തിൽ ഇത്രയേറെ മാലിന്യം നിക്ഷേപിക്കുന്ന മറ്റൊരു കൂട്ടരില്ല. അതിന്റെ പ്രകടമായ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏഷ്യാനെറ്റും വിനു വി ജോണും അജയഘോഷുമെല്ലാം കാണിച്ചുകൂട്ടുന്നത്. ഒന്നിനുപിറകെ ഒന്നായി മാതൃഭൂമി , 24 ന്യൂസ്, മാധ്യമം, ന്യൂസ് 18 എന്നിവയൊക്കെ പതിവ് കുരുക്കുമായി രംഗത്തുവന്നിട്ടുണ്ട്. 24 ന്റെ കൊച്ചി റിപ്പോർട്ടർ ഒരു പടി കൂടി കടന്ന് കേന്ദ്ര ഏജൻസി ഉറ്റുനോക്കുകയാണെന്നും അവർ വന്നേക്കുമെന്നും “സൂചന” കൊടുത്തിട്ടുണ്ട്. കേന്ദ്ര ഏജൻസിക്കാരുടെ മുതലാളിമാരായ ബിജെപിക്കാരുടെ സ്വന്തക്കാരൻ ആയതുകൊണ്ട് ആ നീക്കം ഉണ്ടാകുമെന്നാണ് “സൂചന” എന്നാണ് 24 ന്റെ ഡെസ്കിലെ അടക്കം പറച്ചിൽ.


വരും ദിവസങ്ങളിൽ “ഉണ്ടത്രെയും” “സൂചനയും” “കുരുക്ക് മുറുക്കലും” “തിരിച്ചടിയും” “പ്രതിസന്ധിയും” “പുനരന്വേഷണവും” കൊണ്ട് കേരളം സമ്പന്നമായിരിക്കും. വിനുവും സംഘവും ഒക്കെ കാവ്യാത്മകമായി വാർത്ത ചമയ്ക്കും. ഫലത്തിൽ കേരളത്തിൽ സമൂഹമാധ്യമങ്ങൾക്കും പിടിപ്പത് പണിയാകും. ഇന്നലെവരെ ശർദിച്ചതെല്ലാം ഒരു ഉളുപ്പുമില്ലാതെ വാരിതിന്ന് ഏമ്പക്കം വിടുന്ന യൂഡിഎഫിന്റെ ദാസ്യപ്പണി എടുക്കുന്നവരാണ് വലിയ വായിൽ മാധ്യമധർമം പറയുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ. കോഴിക്കോട്ടെ ജമാഅത്ത് പത്രക്കാരന് ഇനി പണി പോസ്റ്റിടാലോ പോസ്റ്റിടലായിരിക്കും. സിപിഐ എമ്മിനെ എന്തേലും ആരെങ്കിലും പറഞ്ഞാൽ പ്രതികരിച്ച് മുട്ടുന്ന “ആർഎംപിക്കാരനായ” നിഷ്പക്ഷ പത്രക്കാരൻ കുളിരു പൊട്ടി ഇരിക്കുകയാണ്. ഭൂമി മലയാളത്തിലെ വീര വിപ്ലവ വനിതക്കൊപ്പം ഫേസ്ബുക്കിൽ കാണ്ഡം കാണ്ഡം രചന ഈ സിംഗം തുടങ്ങിക്കഴിഞ്ഞു. ഇതിനെയെതിർത്താൽ യൂണിയനും മാധ്യമ ധർമവും പറഞ്ഞും വരും.

പരിധി വിട്ട് ബ്രേക്കിങ് എന്ന പേരിൽ കൊടുക്കുന്നതെല്ലാം വെറും തള്ളുകളും ഗ്യാസുമാണെന്ന് മലയാളികൾ കൃത്യമായി മനസിലാക്കിയിട്ടുണ്ട്. ഈ വലതുപക്ഷ മാധ്യമങ്ങളുടെ വാർത്തകൾക്കൊന്നും ഒരു വിലയുമില്ലെന്നും കീറചാക്കിന്റെ പോലും നിലവാരമില്ലെന്നും കേരളം എന്നേ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരേ കേന്ദ്രത്തിലിരുന്ന് വാർത്ത ഉൽപാദിപ്പിച്ച്, മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നുകയറി ആത്മരതിയടയുന്നവരായി മലയാള പത്രങ്ങളും ചാനലുകളും മാറിക്കഴിഞ്ഞു എന്ന് മലയാളികൾക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് ഇവരുടെ പച്ചക്കള്ളങ്ങളും വ്യാജ വാർത്തകളും സമൂഹമാധ്യമങ്ങൾ പൊളിച്ചടുക്കുമ്പോൾ ഇരവാദവും സൈബർ ആക്രമണവും എന്ന് മോങ്ങി ഇക്കൂട്ടർ വായിട്ടലക്കുന്നത്.