പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കാന്‍ ശ്രമം; യുവതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

0
53

മംഗളൂരുവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കാന്‍ ശ്രമിച്ച സംഭവത്തിൽ യുവതികള്‍ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അത്താവര്‍ നന്ദിഗുഡ്ഡെക്ക് സമീപമുള്ള അപ്പാർട്ടുമെന്റിലാണ് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കൊണ്ടുവന്ന് വേശ്യാവൃത്തിക്ക് ഉപയോഗിക്കാന്‍ ശ്രമിച്ചത്. ഷമീന, ഭര്‍ത്താവ് സിദ്ദിഖ്, ഐഷാമ്മ എന്നിവരെയും മറ്റു രണ്ടുപേരെയുമാണ് പാണ്ഡേശ്വര്‍ വനിതാ പൊലീസ് അറസ്റ്റ് ചെയ്ത്. ഭീഷണിപ്പെടുത്തി തടങ്കലിൽ പാർപ്പിച്ച രണ്ടു പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.

ബ്ലാക്ക് മെയിലിംഗിലൂടെ സംഘം ചതിയിൽ വീഴ്ത്തിയ പതിനേഴുകാരിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന ഷമീന ഭര്‍ത്താവ് സിദ്ദിഖിന്റെ സഹായത്തോടെയാണ് പെണ്‍വാണിഭം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഐഷാമ്മയും മറ്റു രണ്ടു സ്ത്രീകളുളമാണ് കുട്ടികളെ ഭീഷണിപ്പെടുത്തി എത്തിക്കുന്നത്. ഇവരുടെ കൂട്ടാളികളായ മൂന്ന് പേര്‍ ഒളിവിലാണ്.

ഇവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോളേജില്‍ പോകുന്ന പെണ്‍കുട്ടികളെ പ്രതികള്‍ വശീകരിക്കുകയും പ്രായപൂര്‍ത്തിയാകാത്തവരെ ബ്ലാക്ക്‌മെയില്‍ തന്ത്രങ്ങള്‍ ഉപയോഗിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പെണ്‍വാണിഭസംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്തുന്നതിനായി പ്രതികളുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ പൊലീസ് പിടിച്ചെടുത്ത് സാങ്കേതിക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.