ഒവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പ്: രണ്ട് പേർ അറസ്റ്റിൽ

0
113

ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്ത രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ നോയിഡക്കടുത്ത ബദല്‍പൂരിലെ സച്ചിന്‍, ഗാസിയാബാദ് സ്വദേശി ശുഭമി എന്നിവരാണ് അറസ്റ്റിലായത്. സച്ചിനെ സംഭവം നടന്നതിന് പിന്നാലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന ശുഭമിയെ ഗാസിയാബാദ് ജില്ലയിലെ സിഹാനി ഗേറ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്. ഇവർ ഉപേക്ഷിച്ച തോക്ക് പിന്നീട് സംഭവസ്ഥലത്തുനിന്നും കണ്ടെത്തി.

വ്യാഴാഴ്ച വൈകുന്നേരം മീററ്റ് ജില്ലയിലെ കിത്തോര്‍ പ്രദേശത്ത് ഒരു തിരഞ്ഞെടുപ്പ് പ്രചാരണയോഗശേഷം ഹാപൂര്‍-ഗാസിയാബാദ് വഴി ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് ഒവൈസിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ഹാപൂരിലെ പില്‍ഖുവ മേഖലയില്‍ ദേശീയ പാതയിലെ ചിജാര്‍സി ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്നതിനിടെ രണ്ട് യുവാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

 

ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കാറിന്റെ ടയറിനും ഡോറിനുമാണ് വെടിയേറ്റത്. അക്രമി സംഘത്തിൽ ഒന്നിലേറെ പേരുണ്ടായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന്റെ സി സി ടിവി ദൃശ്യങ്ങളും പുറത്തുവന്നു. അക്രമികള്‍ നാല് റൗണ്ട് വെടിയുതിര്‍ക്കുന്നത് ദ്യശ്യങ്ങളില്‍ കാണാം. രണ്ട് വെടിയുണ്ടകള്‍ പതിച്ച് കാറിന്റെ താഴ്ഭാഗത്ത് ദ്വാരമുണ്ടായി. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. പൊലീസ് അന്വേഷണം തുടരുകയാണ്.