കള്ളപ്പണം വെളുപ്പിക്കൽ: പഞ്ചാബ്‌ മുഖ്യമന്ത്രിയുടെ അനന്തരവനെ ഇഡി അറസ്‌റ്റ്‌ ചെയ്‌തു

0
91

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ അനന്തരവനെ കള്ളപ്പണ കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അനധികൃത മണല്‍ ഖനന കേസുമായി ബന്ധപ്പെട്ടാണ് ഭൂപേന്ദ്ര സിങ് ഹണിയെ ഇഡി അറസ്റ്റ് ചെയ്തത്. നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഹണിയെ രാത്രി വൈകി അറസ്റ്റ് ചെയ്തതെന്ന് ഇഡി വ്യക്തമാക്കി.

കഴിഞ്ഞ മാസം ഹണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഇ ഡി നടത്തിയ റെയ്ഡില്‍ എട്ട് കോടി രൂപ പിടിച്ചെടുത്തിരുന്നു. മൊബൈല്‍ ഫോണുകള്‍, 21 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണം, 12 ലക്ഷം രൂപ വിലമതിക്കുന്ന റോളക്‌സ് വാച്ച് എന്നിവയും പിടിച്ചെടുത്തിരുന്നു.

ഫെബ്രുവരി 20 നാണ് 117 അംഗ പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ജനവിധി തേടുന്നത്.