എന്റെ വിധി ഇങ്ങനല്ലെന്ന് ചെന്നിത്തല, ഉള്ളിൽ ചിരിച്ച് സതീശൻ

0
118

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ മന്ത്രി ആർ ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന ലോകായുക്ത വിധിക്കെതിരെ രമേശ് ചെന്നിത്തല. താൻ പ്രതീക്ഷിച്ച വിധി ഇതല്ലെന്നും അതുകൊണ്ടുതന്നെ ഈ വിധി അംഗീകരിക്കുന്നില്ലെന്നും ചെന്നിത്തല പരസ്യമായി പറഞ്ഞു.

ലോകായുക്തയുടെ വിധി യുക്തിഭദ്രമല്ലെന്നാണ് ചെന്നിത്തലയുടെ കണ്ടെത്തൽ. വിധിയെ വിമാരിശിക്കുന്നു എന്ന മട്ടിൽ മന്ത്രിയെയും ലോകായുക്തയെയും പരിഹസിക്കാനും ചെന്നിത്തല മുതിർന്നു.

മന്ത്രിയുടേത് ചട്ടലംഘനമെന്ന് കണ്ടെത്തിയ ചെന്നിത്തല ലോകായുക്തയുടെ ആ ചട്ടലംഘനത്തിനു ഒപ്പം നിൽക്കുകയാണെന്ന് പരോക്ഷ വിമർശനവും നടത്തി. കണ്ണൂർ വി സി പുനർനിയമനം തികച്ചും സ്വജനപക്ഷപാതപരം. മന്ത്രിയും ഗവർണറും സർവകലാശാല ചട്ടലംഘനമാണ് നടത്തിയത്. ലോകായുക്തയെ വിമർശിക്കുന്നല്ല പക്ഷെ വിധിയെ വിമർശിക്കുന്നു. വിധിയുടെ വിശദാംശങ്ങൾ പൂർണമായി വന്നതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഇല്ലാത്ത അധികാരം മന്ത്രി ഉപയോഗിക്കാൻ ഇത് വെള്ളരിക്ക പട്ടണമോ? എന്നും ചെന്നിത്തല ചോദിക്കുന്നു. ചട്ടലംഘനം നടന്നുവെന്ന് നിയമം അറിയുന്ന ആര്‍ക്കും മനസിലാകുമെന്നും ലോകായുകതയെ ചെന്നിത്തല പരോക്ഷമായി പരിഹസിച്ചു.

അതിനിടെ, ലോകായുക്ത വിധി കോൺഗ്രസിൽ ചെന്നിത്തലയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ ചെന്നിത്തല ലോകായുക്തയെ സമീപിച്ചതിൽ കടുത്ത പ്രതിഷേധമുള്ളവരാണ്. ചെന്നിത്തല സൂപ്പർ പ്രതിപക്ഷ നേതാവ് ചമയാൻ വേണ്ടിയാണ് ലോകായുക്തയെ സമീപിച്ചതെന്ന് സതീശൻ നേരത്തെ വിമർശിച്ചിരുന്നു.

വി ഡി സതീശന് പുറമെ നിരവധി കോൺഗ്രസ് നേതാക്കൾ ചെന്നിത്തലക്ക് എതിരെ പരസ്യമായി രംഗത്തുവന്നതിനുപിന്നാലെയാണ് മുൻ പ്രതിപക്ഷ നേതാവിന്റെ ഹർജി ലോകായുക്ത തള്ളിയത്. ചെന്നിത്തലക്ക് കനത്ത തിരിച്ചടി നേരിട്ടതിൽ സതീശൻ അടക്കമുള്ള നേതാക്കൾക്ക് ഉള്ളിൽ അതിയായ സന്തോഷവുമുണ്ട്.