നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം; പുതിയ നീക്കവുമായി ദിലീപ്, ഹൈക്കോടതിയെ സമീപിച്ചു

0
92

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട്‌ ദിലീപ്‌ ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണ റിപ്പോർട്ട്‌ തള്ളണമെന്നും വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നുമാണ്‌ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു വിധി പറയാനിരിക്കെയാണ് ദിലീപിന്റെ നീക്കം.

തുടരന്വേഷണത്തിന് ആറ് മാസം ആവശ്യപ്പെട്ടത് വിചാരണ നീട്ടാനാണ്. വിചാരണാ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് റദ്ദാക്കണം. വ്യക്തിവൈരാഗ്യം കാരണമാണ് ഈ കേസെന്നും ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ ഹരജിയില്‍ പറയുന്നു. ദിലീപടക്കമുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രതികളുടെ മുൻകൂർ ജാമ്യഹർജി തള്ളണമെന്നും പ്രോസിക്യൂഷൻ ആവശ്യം ഉന്നയിക്കും.

കേസിൽ നിർണ്ണായക തെളിവുകൾ ഉണ്ടെന്ന് കരുതുന്ന മൊബൈൽ ഫോൺ ദിലീപ് ഒളിപ്പിച്ചത് അന്വേഷണത്തിലുള്ള നിസ്സഹകരണമായി കണക്കാക്കണമെന്ന് കഴിഞ്ഞ ദിവസം വാദത്തിനിടെ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് 1.45 നാണ് മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി പരിഗണിക്കുക.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലാണ് പുതിയ കേസിന് ആധാരം. ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ദിലീപിൻ്റെയും സഹോദരൻ്റെയും സഹോദരീ ഭർത്താവിൻ്റെയും ഫോണുകൾ ഹൈക്കോടതിയുടെ നിർദേശ പ്രകാരം ആലുവ വിചാരണാ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.