ഐപിഎൽ സംപ്രേഷണാവകാശം; ബിസിസിഐയുടെ ലക്ഷ്യം 45,000 കോടി രൂപ

0
53

ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശത്തിൽ ബിസിസിഐ ലക്ഷ്യമിടുന്നത് 45,000 കോടി രൂപയെന്ന് റിപ്പോർട്ട്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെ ഐപിഎൽ സംപ്രേഷണാവകാശത്തിലാണ് ബിസിസിഐ പണം വാരാനൊരുങ്ങുന്നത്. സോണി സ്പോർട്സ്, ഡിസ്നി സ്റ്റാർ, റിയലൻസ് വയാകോം, ആമസോൺ തുടങ്ങിയ വമ്പന്മാരാണ് ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനായി കാത്തിരിക്കുന്നത്.

മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ മൂന്നിരട്ടി തുകയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിൽ 16,347 കോടി രൂപയ്ക്കാണ് ഡിസ്നി സ്റ്റാർ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. 35,000 കോടി രൂപയാണ് സംപ്രേഷണാവകാശത്തിലൂടെ പ്രതീക്ഷിക്കുന്നത് എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു എങ്കിലും അതും കഴിഞ്ഞ് പോകുമെന്നാണ് റിപ്പോർട്ടുകൾ.ഡിസ്നി സ്റ്റാറും സോണി സ്പോർട്സും തമ്മിലാണ് പ്രധാന മത്സരം.

എന്ത് വിലകൊടുത്തും ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനാണ് സോണിയുടെ ശ്രമം. ഇവർക്കൊപ്പം, ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം ആരംഭിച്ച ഒടിടി സേവനം ആമസോൺ പ്രൈം വിഡിയോയും ഐപിഎലിനായി രംഗത്തുണ്ടാവും. റിലയൻസും ക്രിക്കറ്റ് സംപ്രേഷണ രംഗത്തിറങ്ങാൻ തയ്യാറെടുക്കുകയാണ്. വയാകോമിലൂടെ റോഡ് സേഫ്റ്റി സീരീസ് അടക്കമുള്ള പരമ്പരകൾ റിലയൻസ് സംപ്രേഷണം ചെയ്തിരുന്നു.

മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് 590 താരങ്ങളാണ്. മലയാളി താരം എസ് ശ്രീശാന്തും ഷോർട്ട് ലിസ്റ്റിൽ ഇടം നേടി. ഈ താരങ്ങളെല്ലാം ലേലത്തിൽ ഉണ്ടാവും. 10 മാർക്കീ താരങ്ങളാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടിയിൽ 48 താരങ്ങൾ ഉൾപ്പെട്ടു. ഈ മാസം 12, 13 തീയതികളിൽ ബെംഗളൂരുവിൽ വച്ചാണ് മെഗാ ലേലം.

370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി അടിസ്ഥാന വിലയുള്ള 34 താരങ്ങളും പട്ടികയിലുണ്ട്. ആർ അശ്വിൻ, പാറ്റ് കമ്മിൻസ്, ക്വിൻ്റൺ ഡികോക്ക്, ട്രെൻ്റ് ബോൾട്ട്, ശിഖർ ധവാൻ, ഫാഫ് ഡുപ്ലൈ, ശ്രേയാസ് അയ്യർ, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാർണർ എന്നിവർ മാർക്കീ താരങ്ങളാണ്. ശ്രീശാന്ത് അടക്കം 13 കേരള താരങ്ങളും ഷോർട്ട് ലിസ്റ്റിലുണ്ട്.