‘അന്ന് കൊല്ലപ്പെട്ടത് നാലല്ല, 42 ചൈനീസ് സൈനികര്‍!’ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പുതിയ വെളിപ്പെടുത്തല്‍

0
88

2020 ജൂണ്‍ മാസത്തില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം ചൈന ഔദ്യോഗികമായി പുറത്തു വിട്ട കണക്കുകളേക്കാള്‍ അധികമെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ചൈനീസ് സൈന്യം അന്ന് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ 42 ചൈനീസ് സൈനികര്‍ അന്ന് കൊല്ലപ്പെട്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

 

സോഷ്യല്‍ മീഡിയ റിസേര്‍ച്ചര്‍മാര്‍ നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയന്‍ പത്രമായ ക്ലാക്‌സണ്‍ ആണ് വാർത്ത പുറത്തുവിട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരുടെ കണ്ടെത്തല്‍. ഗല്‍വാന്‍ ഡീ കോഡഡ് എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്.

 

2020 ജൂണ്‍ 15, 16 തിയതികളില്‍ സംഘര്‍ഷത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ അതിവേഗം ഒഴുകുന്ന ഗല്‍വാന്‍ നദി മുറിച്ചു കടക്കാന്‍ ശ്രമിക്കവെ മരണം സ്ഥിരീകരിച്ച 4 സൈനികര്‍ക്ക് പുറമെ 38 സൈനികരെങ്കിലും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്. പൂജ്യത്തിന് താഴെയുള്ള താപനിലയിലും ഇരുട്ടിലുമായിരുന്നു സൈനികര്‍ നദിക്ക് കുറുകെ കടക്കാന്‍ ശ്രമിച്ചത്. സൈനികര്‍ നദി കുറുകെ കടക്കാന്‍ ശ്രമിക്കവെ വഴുതി വീഴുകയും താഴേക്ക് പോവുകയും ചെയ്തു. സംഭവത്തിന് ശേഷം സൈനികരുടെ മൃതദേഹങ്ങള്‍ ഷിക്വാന്‍ഹെ രക്തസാക്ഷി സെമിത്തേരിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ പ്രാദേശിക പട്ടണങ്ങളില്‍ ചടങ്ങുകള്‍ നടത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ചൈനയിലെ വെയ്‌ബോ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലെ ഉപയോക്താക്കളില്‍ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നു വരാതിരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ വലിയ തരത്തിലുള്ള ഇടപെടലുകളാണ് നടത്തുന്നതെന്നും പത്രം പറയുന്നു. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ നേരത്തെ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. എന്നാല്‍ ചൈന തങ്ങളുടെ സൈനികരുടെ മരണ വിവരങ്ങള്‍ രഹസ്യമാക്കിവെക്കുകയാണെന്നും ആക്ഷേപം ഉയർന്നു.