വാവ സുരേഷിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി; ഹ‍ൃദയമിടിപ്പും രക്തസമ്മർദവും സാധാരണ ​ഗതിയിൽ

0
96

മൂർഖൻ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി. അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച വാവാ സുരേഷിന്റെ ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ ​ഗതിയിലായെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡാണ് വാവ സുരേഷിന് പരിചരിക്കുന്നത്.

ആശുപത്രിയില്‍ എത്തിയപ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നു. അഞ്ച് മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയണം. ശേഷമേ തലച്ചോറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് പറയാനാകൂയെന്ന് ഡോക്ടർമാർ അറിയിച്ചു. പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചി പാട്ടശേരിയിലായിരുന്നു സംഭവം. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.