പശുമൂത്രം കുടിച്ചാൽ വൈറസ് ബാധിക്കില്ലെന്ന് പറഞ്ഞ ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിന് കൊവിഡ്

0
107

പശുമൂത്രം കുടിച്ചാൽ വൈറസ് ബാധിക്കില്ലെന്ന് പറഞ്ഞ ബിജെപി നേതാവും ഭോപ്പാൽ എംപിയുമായ പ്രഗ്യാ സിംഗ് താക്കൂറിന് കൊവിഡ് സ്ഥിരീകരിച്ചു. എംപി ചികിത്സയിലാണുള്ളത്. താനുമായി രണ്ട് ദിവസത്തിനുള്ളിൽ സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് പ്രഗ്യാ ആവശ്യപ്പെട്ടു. ദൈവത്തോട് പ്രാർഥിക്കണമെന്നും പ്രഗ്യാ സിംഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്

നേരത്തെ കൊവിഡുമായി ബന്ധപ്പെട്ട നിരവധി വിവാദ പരാമർശങ്ങൾ നടത്തിയ ആളാണ് മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി കൂടിയായ പ്രഗ്യാ സിംഗ്. പശുവിന്റെ മൂത്രം താൻ സ്ഥിരമായി കുടിക്കാറുണ്ടെന്നും ഇത് കുടിച്ചാൽ ശ്വാസകോശത്തിലെ അണുബാധയെ ചെറുക്കാമെന്നും ഇവർ പറഞ്ഞിരുന്നു. തനിക്ക് കൊവിഡ് വരാത്തത് പശു മൂത്രം കുടിക്കുന്നത് കൊണ്ടാണെന്നും ഇവർ അവകാശപ്പെട്ടിരുന്നു.

കൊവിഡിനെ തുരത്താൻ ഹനുമാൻ മന്ത്ര ചൊല്ലിയാൽ മതിയെന്ന് പറഞ്ഞും പ്രഗ്യാ സിംഗ് വിവാദങ്ങളിൽ നിറഞ്ഞിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രഗ്യാ സിംഗ് കോടതിയിൽ ഹാജരാകാതെ ഒഴിഞ്ഞുമാറുന്നത്. എന്നാൽ ഇവർ മൈതാനങ്ങളിൽ കായിക മത്സരങ്ങളിൽ ഏർപ്പെട്ടതിന്റെ ചിത്രങ്ങളും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.