കൊവിഡ് ഭേദമായ ശേഷവും ശ്വാസകോശ തകരാറുകള്‍ ഉണ്ടാകാമെന്ന് പഠനം

0
100

കൊവിഡ് ഭേദമായ ശേഷവും ദീര്‍ഘനാളായി രോഗലക്ഷണങ്ങളുള്ളവരിലും ശ്വാസകോശ സംബന്ധമായ തകരാറുകള്‍ ഉണ്ടാകാമെന്ന് പുതിയ പഠനം. കൊവിഡ് ഭേദമായശേഷം ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന പലർക്കും രോഗബാധയ്ക്ക് ശേഷം മാസങ്ങളോളം കൊവിഡ് കാരണമുള്ള അസ്വസ്ഥത അനുഭവപ്പെടുന്നു. ഇതിനെ ‘ലോംഗ് കൊവിഡ്’ എന്നാണ് വിളിക്കുന്നത്.

ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, തുടര്‍ച്ചയായ ചുമ, നെഞ്ച് വേദന, സന്ധി വേദന, പനി, തലവേദന എന്നിവയെല്ലാം ലോംഗ് കൊവിഡിന്റെ ലക്ഷണങ്ങളാണ്. നേരിയ തോതില്‍ കൊവിഡ് അണുബാധയുണ്ടാവുകയും ആശുപത്രിയിലെ പരിചരണം ആവശ്യമില്ലാത്തവര്‍ക്കുപോലും ലോംഗ് കൊവിഡ് ഉണ്ടാകാവുന്നതാണ്.

ഓക്സ്ഫോര്‍ഡ് ബയോമെഡിക്കല്‍ റിസര്‍ച്ച്‌ സെന്ററിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. കൊവിഡിന് ശേഷം ശ്വാസതടസം അനുഭവിക്കുന്നവരുടെ ശ്വാസകോശത്തിലെ അസാധാരണതകള്‍ കണ്ടെത്താന്‍ ഇവര്‍ ‘സെനോണ്‍ ഗ്യാസ് സ്‌കാന്‍’ ഉപയോഗിച്ച്‌ പഠനം നടത്തുകയായിരുന്നു. ആദ്യമായി കൊവിഡ് ബാധിച്ചപ്പോള്‍ ആശുപത്രി പരിചരണം ആവശ്യമില്ലാതിരുന്ന പതിനൊന്ന് പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.

എന്നാല്‍ പ്രാരംഭ അണുബാധയ്ക്ക് ശേഷം ദീര്‍ഘനാള്‍ ശ്വാസതടസം ഇവരില്‍ അനുഭവപ്പെട്ടു. കൊവിഡ് രോഗികളില്‍ ശ്വാസതടസം വളരെ സാധാരണമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പഠനത്തില്‍ കണ്ടെത്താനായിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
സിടി സ്‌കാനുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് പരിശോധനകള്‍ നടത്തിയിട്ടും രോഗികളില്‍ ശ്വാസകോശത്തില്‍ നിന്ന് രക്തത്തിലേക്ക് വാതക കൈമാറ്റം ഗണ്യമായി കുറഞ്ഞതായി പഠനത്തിന്റെ പ്രാരംഭ ഫലങ്ങള്‍ സൂചിപ്പിക്കുന്നതായി ഗവേഷകയായ ഡോ. എമിലി ഫ്രേസര്‍ പറഞ്ഞു.